കോഴിക്കോട്: മസ്തിഷ്കമരണം സംഭവിച്ച ചേമഞ്ചേരി സ്വദേശി യദുകൃഷ്ണ (18) ആറു പേര്‍ക്ക് ജീവന്റെ തുടിപ്പ് നല്കി അന്ത്യയാത്രയായി. പ്ലസ് ടു വിദ്യാര്‍ഥിയായ യദു ഈ മാസം എട്ടിന് വെങ്ങളം പാലത്തിലാണ് വാഹനാപകടത്തില്‍പെട്ടത്. ഗുരുതര പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. 66 വയസ്സുള്ള രോഗിക്കാണ് കരള്‍ നല്‍കിയത്. ബേബി മെമ്മോറിയലിലെ ഡോ. സൈലേഷ് ഐക്കോട്ട്, ഡോ. രാജേഷ് എം.സി, ഡോ. ബിജു ഐ.കെ. എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
വൃക്കകളിലൊന്ന് കൊണ്ടോട്ടിയിലെ 40കാരന് നല്കി. ബേബി മെമ്മോറിയലിലെ ഡോ. പൗലോസ് ചാലി, ഡോ. ജയമീന പി. എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്കി. ഹൃദയം കോഴിക്കോട് മെട്രോമെഡ് ആശുപത്രിക്കും രണ്ടാം വൃക്കയും കണ്ണുകളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കും കൈമാറി. ഡോ. വി.ജി. പ്രദീപ് കുമാര്‍, ഡോ. രവീന്ദ്രന് സി, ഡോ. മോഹന്‍ ലെസ്ലി, ഡോ. ഗംഗപ്രസാദ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.
ഇതിനു പിന്നാലെ യദുകൃഷ്ണയുടെ അച്ഛന് ചക്കിട്ടക്കണ്ടി മാണിക്യത്തില്‍ സുരേഷ്, അമ്മ രേഖ, ഇളയ സഹോദരി യാഷ്മിക എന്നിവരടങ്ങിയ കുടുംബം അവയവങ്ങള്‍ ദാനംചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാറിന്റെ മരണാനന്തര അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയുമായി ആശുപത്രി അധികൃതര്‍ ബന്ധപ്പെടുകയും സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തു. യോഗ്യരായ സ്വീകര്‍ത്താക്കളെയും പെട്ടെന്ന് കണ്ടെത്താനായി.