റാലിയിലെ മതവിദ്വേഷ മുദ്രാവാക്യം; പിഎഫ്ഐ സംസ്ഥാന നേതാവ് അറസ്റ്റിൽ

തൃശൂർ: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ പത്തു വയസ്സുകാരൻ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ സംസ്ഥാന നേതാവിനെ അറസ്റ്റ് ചെയ്തു. പിഎഫ്‌ഐ സംസ്ഥാന സമിതി അംഗമായ തൃശൂർ പെരുമ്പിലാവ് അഥീനയിൽ യഹിയ തങ്ങളെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയോടെയാണ് ഇയാളെ ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത് .21ന് ആലപ്പുഴയിൽ നടന്ന റാലിയുടെ സ്വാഗതസംഘം ചെയർമാനാണ് യഹിയ തങ്ങൾ.

വൻ പൊലീസ് സന്നാഹത്തോടെ ഉച്ചയോടെയാണ് ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനിൽ ഇയാളെ എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ യഹിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച അനുമതിയില്ലാതെ എസ്പി ഓഫീസ് മാർച്ച് നടത്തിയതിനും ഇയാൾക്കെതിരെ കേസ് എടുത്തു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്ത കുട്ടിയുടെ പിതാവ് അടക്കം അഞ്ച് പേരെ കോടതി റിമാൻഡ് ചെയ്തിരുന്നു. കേസിൽ ഇതുവരെ 26 പേർ പിടിയിലായി.

Loading...