യെച്ചൂരിയുടെ വിജയം വി.എസ്സിന്റെ വിജയം.

എസ് രാമചന്ദ്രന്‍ പിള്ളയെ സി.പി.ഐ(എം) കേരളഘടകം ഒന്നടങ്കം പിന്തുണച്ചപ്പോള്‍ വി.എസ് എന്ന ഒറ്റയാന്‍ യെച്ചൂരിക്ക് പിന്തുണനല്‍കി. ഇപ്പോള്‍ യെച്ചൂരിയുടെ വിജയം വി.എസ്സിന്റെ വിജയമായാണ് കണക്കാക്കാവുന്നത്. അതോടൊപ്പം യെച്ചൂരിയുടെ വിജയത്തിന്റെ അലയടികള്‍ കേരളഘടകത്തിലും മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ് അഭിപ്രായങ്ങള്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ആര് കേരളത്തില്‍ നയിക്കുമെന്നതും ചര്‍ച്ചാവിഷയമാകുന്നു.

കേരളഘടകത്തോട് യോജിപ്പില്ലാതെ വിട്ടുനില്‍ക്കുന്ന ആര്‍.എസ്.പിയെയും, ജനതാദളിനെയും വീണ്ടും സി.പി.ഐ(എം)മായി കൂട്ടിയോജിപ്പിക്കാനും സി.പി.ഐ യെക്കൂടി ചേര്‍ത്ത് പാര്‍ട്ടി വിപുലീകരിച്ച് ഒരു വന്‍ശക്തിയായി പ്രവര്‍ത്തിക്കാനും യെച്ചൂരി ശ്രമിക്കുമെന്നാണ് നിരീക്ഷകാഭിപ്രായം.

Loading...

വി.എസ്. അച്യുതാനന്ദനോട് അടുപ്പവും അനുഭാവവും പുലർത്തുന്ന നേതാവാണ് യെച്ചൂരി. അതുകൊണ്ട് കൂടിയാണ് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള യെച്ചൂരിയുടെ സ്ഥാനാർത്ഥിത്വത്തെ കേരള ഘടകം ശക്തിയുക്തം എതിർത്തത്. വി.എസ്. അച്യുതാനന്ദൻ ഒഴികെ കേരളത്തിൽ നിന്നുള്ള പാർട്ടി കോൺഗ്രസ് പ്രതിനിധികൾ ഏതാണ്ട് മുഴുവനായി തന്നെ എസ്. രാമചന്ദ്രൻ പിള്ളയ്ക്ക് വേണ്ടി നിലകൊള്ളുന്ന കാഴ്ചയാണ് വിശാഖ പട്ടണത്ത് കണ്ടത്. പശ്ചിമബംഗാൾ ഘടകവും മണിക് സർക്കാർ, നിരുപംസെൻ, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയ മുതിർന്ന നേതാക്കളും യെച്ചൂരിയോടൊപ്പം നിന്നു. മറ്റു സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളിൽ ഭൂരിപക്ഷത്തിന്റെ പിന്തുണയും കൂടി യെച്ചൂരി ആർജിച്ചതോടെയാണ് മത്സര രംഗത്തു നിന്ന് പിന്മാറാൻ എസ്. രാമചന്ദ്രൻ പിള്ള തയ്യാറായത്.

കേരളത്തിൽ വി.എസ്. അച്യുതാനന്ദനും പാർട്ടി നേതൃത്വവും തമ്മിലുള്ള വടംവലി ഏറ്റവും മോശമായ ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് സീതാറാം യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയാവുന്നത്. വി.എസിനെ പാർട്ടി വിരുദ്ധനായി ചിത്രീകരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കിയതിൽ പ്രതിഷേധിച്ചാണ് വി.എസ് ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്. അതിന് ശേഷം പാർട്ടി പരിപാടികളിൽ അദ്ദേഹം സഹകരിക്കുകയോ, അദ്ദേഹത്തെ സഹകരിപ്പിക്കുകയോ ചെയ്തിട്ടില്ല.

സീതാറാം യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറി ആയ സാഹചര്യത്തിൽ വി.എസിന് പാർട്ടിയോടും പാർട്ടിക്ക് വി.എസിനോടുമുള്ള നിലപാടുകളിൽ മാറ്റം വരാം. നേരത്തേ പ്രകാശ് കാരാട്ട് പാർട്ടി ചട്ടക്കൂടിനുള്ളിൽ മാത്രം നിന്ന് പ്രവർത്തിക്കാൻ താത്പര്യം കാണിച്ചയാളായിരുന്നു. പാർട്ടി നടപടിക്രമങ്ങൾ പാലിക്കുന്നതിനായിരുന്നു മുൻഗണന. പക്ഷേ പ്രായോഗികവാദിയാണ് യെച്ചൂരി. വി.എസിനെ പാർട്ടിയോടടുപ്പിച്ച് നിറുത്തുന്നത് അതു കൊണ്ടു തന്നെ അദ്ദേഹത്തിന് എളുപ്പമാവും. കോടിയേരി പാർട്ടി സംസ്ഥാന സെക്രട്ടറി ആയപ്പോൾ തന്നെ വി.എസുമായുള്ള അകലം കുറഞ്ഞു തുടങ്ങിയിരുന്നു. അതിന് ഇനി വേഗത വർദ്ധിക്കും.

അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു കേരളഘടകത്തിന്റെ ലക്ഷ്യം. എന്നാല്‍ യെച്ചൂരിയെ സെക്രട്ടറിയാക്കുന്നതില്‍ ഏറ്റവും ശക്തമായി എതിര്‍ത്ത ആളാണ് പിണറായി. തന്മൂലം യെച്ചൂരിയുടെ ഈ വിജയം പിണറായിയുടെ ഭാവിയെ ബാധിക്കാന്‍ സാധ്യതയുള്ളതായും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.