ദില്ലി: ദക്ഷിണേന്ത്യയില്‍ നാളെയും മറ്റന്നാളും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം തന്നെ ജൂണ്‍ ഒന്നിനും അഞ്ചിനും ഇടയില്‍ കേരള തീരത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാകേന്ദ്രം റീജിയണല്‍ മേധാവി രാജേന്ദ്രകുമാര്‍ ജെനാമണി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം തന്നെ കേരളത്തിന്റെ വിവിധയിടങ്ങളില്‍ വേനല്‍മഴയോട് അനുബന്ധിച്ച് ശക്തമായ മഴയും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും ഇടിമിന്നലും മെയ് 29 വരെ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മെയ് 29 ന് കേരള തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. കേരളതീരത്തും ലക്ഷ്വദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതിനാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Loading...