കനത്ത മഴ തുടരും; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ കേരളം മഴക്കെടുതിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേ​ഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്.

കോമൊറിന്‍ ഭാഗത്ത് നിന്ന് അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്. കനത്ത മഴയില്‍ ആലപ്പുഴ നഗരത്തില്‍ വീടുകളില്‍ വെള്ളം കയറി. വലിയമരം, ചാത്തനാട്, തിരുമല എന്നിവടങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നു.

Loading...

തിരുവനന്തപുരം ജില്ലയിലെ മലയോര, ഗ്രാമീണ മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കൊല്ലത്തും കനത്ത മഴയാണ്. നിലമേലില്‍ എം.സി റോഡില്‍ വെള്ളം കയറി. മലയോര പ്രദേശങ്ങളിലെ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ഇരുജില്ലകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.