സനാ: സ്വപ്‌നങ്ങള്‍ തേടി അറേബ്യന്‍ നാട്ടിലെത്തിയവര്‍ എല്ലാമുപേക്ഷിച്ച് ഒഴിഞ്ഞ കൈയ്യുമായി ഭീതിയോടെ മടങ്ങുന്നു. ആഭ്യന്തര കലാപരൂക്ഷിതമായ യെമനിലെ സനായില്‍ നിന്നു ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിയില്‍ എത്തിച്ച യാത്രക്കാരുമായി രണ്ടാമത്തെ എയര്‍ ഇന്ത്യാ വിമാനവും കൊച്ചിയിലേക്ക് പുറപ്പെട്ടു. 322 ഇന്ത്യാക്കാരെയും വഹിച്ചുള്ള വിമാനം രാത്രി 10.30 ന് നെടുമ്പാശേരിയില്‍ എത്തുമെന്നാണ് അറിയുന്നത്. യെമനില്‍ നിന്നു ഇതുവരെ 978 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചതെന്ന് കേന്ദ്ര വിദേശകാര്യ വക്‌താവ് സയ്യിദ് അക്‌ബറുദീന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
ഇപ്പോള്‍ പുറപ്പെട്ട വിമാനത്തില്‍ ഉള്ളവരെ ഉള്‍പ്പെടുത്താതെയാണ് ഈ കണക്ക്. ഏറ്റവും കൂടുതല്‍ രക്ഷപ്പെടുത്തിയിരിക്കുന്നത് മലയാളികളെയാണ് (337). 246 മഹാരാഷ്‌ട്രക്കാരും 85 തമിഴ്‌നാട്ടുക്കാരും 86 ആന്ധ്രാപ്രദേശുകാരെയും ഇന്ത്യയുടെ രക്ഷാസംഘം രക്ഷപ്പെടുത്തി. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി 664 പേരെ നാട്ടിലെത്തിച്ചു. മൂന്നു വിമാനങ്ങളിലായിട്ടാണ് ഇവരെ തിരിച്ചെത്തിച്ചത്. 334 പേരെ മുംബൈയിലും 330 പേരെ അര്‍ധരാത്രിയോടെ കൊച്ചിയിലുമെത്തിച്ചു.
നെടുമ്പാശേരിയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് നാട്ടിലേയ്ക്ക് പോകാന്‍ ആറ് കെഎസ്‌ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൌജ്യമായാണ് യാത്രയെന്നും ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, യെമനിലെ ആഭ്യന്തരയുദ്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ഹൂതി വിമതര്‍ക്കെതിരെ സൌദി അറേബ്യ ഇവിടെ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളില്‍ ഇതുവരെ 519 പേര്‍ മരിച്ചതായി യുഎന്‍ അറിയിച്ചു. 1,700 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ മരണസംഖ്യയും, നാശനഷ്ടങ്ങളും ഇതിനേക്കാള്‍ പലമടങ്ങ് വലുതായിരിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.