കളം റെഡി, 2.4കോടി നിരപരാധികൾ. ഇനി യുദ്ധം തുടങ്ങാം.

ഏപ്രിൽ 4നു സി.എൻ.എൻ യമനിൽ നിന്നും പുറത്തുവിട്ട ഒരു ചിത്രമുണ്ട്. യമനിലേ ഗ്രാമീണർ മണ്ണിൽ നിരനിരയായി കുഴികൾ കുഴിച്ച് ശവശരീരങ്ങൾ എത്തുന്നതും കാത്ത് കുഴികൾക്ക് സമീപം കുത്തിയിരിക്കുന്ന രംഗമാണത്. എല്ലാ യുദ്ധഭൂമിയിലേയും പോലെ നിരനിരയായി ശവകുഴികൾ യമനിലും ഒരുങ്ങികഴിഞ്ഞു. യുദ്ധം ഭീകരമാകുന്ന മുറയ്ക്ക് മനുഷ്യർ കൈകൾകൊണ്ട് തീർക്കുന്ന കുഴികളുടെ ജോലി ബുൾഡോസറുകൾ ഏറ്റെടുക്കും. മതാചാരങ്ങൾ ഒന്നുമില്ലാതെ ദുർഗന്ധമകറ്റാൻ ബുൾഡോസറുകളുടെ കൈകൾ ജഡങ്ങൾ കിണർ കുഴികളിൽ തള്ളിയിട്ട് മൂടും. മരിച്ചവർ ആരെന്നോ, എവിടെ കുഴിച്ചിട്ടന്നോ, ആരെല്ലാം കാണാതായെന്നോ ഒന്നും ഇത്തരം ശവകുഴികളിലേ കണക്കുകളിൽ ഉണ്ടാകില്ല.

yeman 5

Loading...

യമനിൽനിന്നും ഏറെക്കുറെ വിദേശികൾ എല്ലാം പാലായനം ചെയ്തു. യുദ്ധം ജീവനു മീതേ നിഴലാട്ടം നടത്തിയപ്പോൾ എല്ലാ രാജ്യക്കാരും അവരവരുടെ പൗരന്മാരെ തിരഞ്ഞുപിറുക്കി കിട്ടിയ വണ്ടിക്ക് നാട്ടിൽ എത്തിച്ചു. വണ്ടികൾ കിട്ടാതെ വന്നപ്പോൾ ഇതര രാജ്യക്കാരുടെ വണ്ടികളുടെ കാലിസീറ്റുകളിൽ പോലും ആളുകൾ കയറി രക്ഷപെട്ടു. അവശേഷിക്കുന്നത് ഇനി യമനിലേ ജനങ്ങളാണ്‌. യുദ്ധകളം റെഡി, yeman 2ഇനി ഭീകരമായ യുദ്ധം തുടങ്ങാം. കരയുദ്ധവും, ആകാശയുദ്ധവും, കടൽ യുദ്ധവും ആകാം. ഒളിക്കാനും, രക്ഷപെടാനും ലോകത്തിന്റെ ഒരു മൂലയും ലഭിക്കാതെ രണ്ടരകോടി നിരപരാധികളായ യമനികളെ കൊല്ലുകയോ, നിശേഷം നശിപ്പിക്കുകയോ ചെയ്യാം. വീടുകൾ തകർക്കാം, സ്കൂളുകൾ തിരഞ്ഞുപിടിച്ച് കുട്ടികളേ കൊന്നൊടുക്കാം. ആകാശ ഗോപുരങ്ങളും, പട്ടണങ്ങളും ചുട്ട് ചാരമാക്കം. വീടുകളിൽ പുരുഷന്മാരെ കൊന്ന് നിരാലംബകളെ ശത്രുവിന്റെ കാമകൊതിക്ക് വിധേയരാക്കാം. കൊതി തീരുമ്പോൾ അവരെയും ഒരു തിരയിൽ തീർക്കാം, എന്തും ചെയ്യാം. യുദ്ധം തുടങ്ങിയാൽ പിന്നെ അനീതിയും, ചതിയും, കൊലയുമാണ്‌ വാഴ്ച്ച നടത്തുക. ലോകത്ത് ആരും ഒരു യമൻ പൗരനേയും രക്ഷിക്കാൻ വാഹനം ഒന്നും അയച്ചില്ല. രക്ഷിക്കാൻ ആരും ചെന്നില്ല. യുദ്ധത്തിന്റെ റെഡ് അലർട്ടിൽ മരണത്തിനു തിന്നുവാൻ ലോകം അവരെ ഓടി രക്ഷപെടുന്നതുപോലും ഒഴിവാക്കി അതിർത്തി വരയ്ച്ചു കൊട്ടിയിട്ടിരിക്കുന്നു. രാജ്യങ്ങളും അതിർത്തികളും ഒന്നും ഇല്ലായിരുന്നെങ്കിൽ അവർക്ക് പല ദിക്കിലേക്കും ഓടി രക്ഷപെടാമായിരുന്നു. സൗദിയിലേക്കും, ഇറാനിലേക്കും, ഒക്കെ ഓടി പോകാമായിരുന്നു. കടൽ താണ്ടി ഏതേലും കരകളിൽ പോയി ഒളിക്കാമായിരുന്നു. മനുഷ്യൻ അതിർത്തിവരയ്ച്ച് ലോകത്തേയും മനുഷ്യരേയും വരകൾക്കുള്ളിൽ നിർത്തിയതിനാൽ അതും നടക്കില്ല.

yaman 111

സൗദി അറേബ്യ തുടങ്ങാനിനിരിക്കുന്ന അതിഭീകരമായ കരയുദ്ധത്തിന്റെ തോക്കിൻ കുഴലുകളും, ബോംബുകളും ഈ ജനങ്ങളെ വിഴുങ്ങാൻ വാ പിളർന്നു ഇരിക്കുന്നു. ഇവരെകൂടി രക്ഷിക്കാൻ എന്തേ അവിടേക്ക് പറന്ന രക്ഷാവിമാനങ്ങൾക്കും കപ്പലുകൾക്കും കഴിയാതെ പോയി?..ലോകം ഒന്നാണെന്നും മനുഷ്യരുടെ ലോകമാണെന്നും എല്ലാം മനുഷ്യരും ഒന്നാണെന്നും വിശ്വ പൗരരാണെന്നുമുള്ള മൊഴി വചനങ്ങൾ കളവാണെന്ന് ഇതിൽ കൂടുതൽ എന്തു തെളിവു വേണം?. യുദ്ധത്തിന്റെ ഇരകളാക്കാനായി അവിടെ കോടിക്കണക്കിനു യമനികളേ ലോകം അവശേഷിപ്പിച്ചു. യമൻ ആ ജനങ്ങളുടെ രാജ്യമാണ്‌. അതിനാൽ അവിടെ നടക്കുന്ന യുദ്ധത്തിൽ സ്വഭാവികമായും മരിച്ചുവീഴാനും വിധിക്കപെട്ടവരാണവർ. ആ 2.5 കോടി ജനങ്ങളെ ആരു ഭരിക്കണം എന്നു തീരുമാനിക്കാനുള്ള യുദ്ധമാണിത്. ആ ജനങ്ങളുടെ രാജ്യത്തിന്റെ സമ്പത്തും അധികാരവും ആരു കൈവശം വയ്ക്കണം എന്നു തീരുമാനിക്കാനുള്ള മൽസരമാണീ യുദ്ധം. നിരപരാധികളായ ജനങ്ങളെ മറയാക്കിയും 2 വിഭാഗങ്ങളുടെ ഇടയിൽ നിർത്തിയും യമനിൽ നടക്കുന്ന പടയോട്ടം എത്ര ആളുകളേ ഭൂമുഖത്തുനിന്നും ഇല്ലാതാക്കും. യുദ്ധം അതി ഭീകരമായ ദുരന്തമാണ്‌. കൊല ചെയ്യപ്പെടുന്നവർക്കും, ഇരകൾക്കും നീതിയും, കൊലയിൽ വിചാരണയും ഒന്നും ഉണ്ടാകില്ല.

യുദ്ധം പലതിന്റേയും അവസാനമാണ്‌. യുദ്ധശേഷം മാത്രമേ പറയാനാകൂ ജനങ്ങളും, വീടും, സമുച്ചയങ്ങളും, ദൈവ ഗോപുരങ്ങളും ഒക്കെ ബാക്കിയുണ്ടാകുമോയെന്ന്. ഭൂ ലോകത്ത് യുദ്ധം തുടങ്ങിയ കാലം മുതലുള്ള നീതിയാണത്. ആ കർക്കശമായ യുദ്ധനീതിക്ക് യമനിലേ 2.39 കോടി ജനങ്ങളേയും ലോകം വിട്ടുനല്കിയിരിക്കുകയാണ്‌. യുദ്ധത്തിന്റെ ഇരു പക്ഷക്കാർക്കും ഈ കോടി ജനങ്ങളിൽ ആരെ വേണേലും കൊല്ലാം. കൊലയാളികളേ ഒരു കോടതിയും വിസ്തരിക്കില്ല. ശിക്ഷിക്കില്ല. ജനങ്ങളേ വേണേൽ മുഴുവനായും തുടച്ചും നീക്കാം. എന്നാലും ലോകത്തേ ഒരു കോടതിയും നിയമ സംവിധാനവും കൊലയാളിയേ വിചാരണ ചെയ്യില്ല. കൊലപ്പെട്ടവർക്ക് യാതൊരു നീതിയും മരിച്ചശേഷം കിട്ടിയില്ല. യുദ്ധകൊലയാളികൾ ജീവിക്കുകയും ചിലപ്പോൾ ജയിക്കുകയും, മരിച്ചവർ എന്നേക്കുമായി പരാജയപ്പെട്ടവരും ആകും. അതാണ്‌ യുദ്ധനീതി.