യെമന്‍ യുദ്ധം: യമനില്‍ നിന്നും സൗദിയിലേയ്ക്ക് വിഷം നിറച്ച വാഴപ്പഴങ്ങള്‍ കടത്തുന്നു

ജിദ്ദ: യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന യമനില്‍ നിന്നു സൗദിയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച വിഷം കുത്തിവച്ച 10 ലോഡ് വാഴപ്പഴം അതിര്‍ത്തിയില്‍ രക്ഷാസേന പിടികൂടി. അതിര്‍ത്തി വഴി വരുന്ന പഴങ്ങളില്‍ വിഷാംശമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാഴപ്പഴം പിടിച്ചെടുത്തത്. യമനില്‍ നിന്നു വരുന്ന പഴങ്ങളുടെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും ഉപയോഗത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സൗദി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യമനില്‍ നിന്ന് പഴവര്‍ഗങ്ങള്‍ സൗദി ഇറക്കുമതി ചെയ്യുന്നുണ്ട്. പിടിക്കപ്പെടാതെ സൗദിയിലേക്ക് കടന്നിട്ടുള്ള പഴങ്ങളില്‍ വിഷം കലര്‍ന്നിട്ടുണ്ടോയെന്ന സംശയം അധികൃതരെ കുഴയ്ക്കുന്നു. പഴങ്ങളില്‍ യമനിലെ കലാപകാരികളായ ഹൂതികള്‍ മനഃപൂര്‍വം വിഷം കുത്തിവച്ചതാണെന്ന് സംശയിക്കുന്നുണ്ട്.

ഇതിനിടെ, സൗദി അതിര്‍ത്തിയിലേക്ക് ഹൂതികള്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ മൂന്ന് സൗദി സൈനികര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സൗദി സേന ശക്തമായി തിരിച്ചടിക്കുന്നതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൌദിയുടെ അതിര്‍ത്തി പ്രദേശമായ നജ്‌റാനിലാണ് സംഭവം. ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ സൗദി സൈനികര്‍ മരിച്ചതോടെ അതിര്‍ത്തിയില്‍ ഇപ്പോഴും ആക്രമണം നടത്താന്‍ ഹൂതികള്‍ക്ക് കഴിയുമെന്ന് അവര്‍ തെളിയിച്ചിരിക്കയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ യമനിലെ വിമത മേഖലകളില്‍ സഖ്യസൈന്യം നടത്തുന്ന ആക്രമണങ്ങള്‍ തുടരുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 650 പേര്‍ യമനില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായുണ്ടെന്നാണ് കണക്കുകള്‍.

Loading...

യമനില്‍ ആക്രമണം നടത്തുന്നത് നിര്‍ത്തണമെന്ന ഇറാന്റെ അഭ്യര്‍ഥന സൗദി തള്ളി. പ്രശ്‌നത്തില്‍ ഇടപെടേണ്ട ആവശ്യം ഇറാനില്ലെന്നാണ്‌സൗദി അറിയിച്ചത്. യമനുമേല്‍ തങ്ങള്‍ നടത്തുന്ന വ്യോമാക്രമണം ആ രാജ്യത്തിന്റെ നിലനില്‍പ്പിനും യഥാര്‍ഥ ഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ചുമാണെന്ന് സൗദി വിദേശ കാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ പറഞ്ഞു. യെമനില്‍ ഹൂതി വിമതര്‍ക്കെതിരായ വ്യോമാക്രമണം അവസാനിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കി. യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലിഹ് യെമനില്‍ നിന്നും രക്ഷപ്പെടാന്‍ അറബ് രാജ്യങ്ങളുടെ സഹായം തേടി. ഹൂതി വിമതര്‍ക്കൊപ്പം സാലേഹ് പക്ഷത്തിനും യുഎന്‍ ഉപരോധം ഏര്‍െപ്പെടുത്തിയതോടെയാണ് മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിന്റെ നീക്കം. യെമനില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് സാലിഹ് സൗദിയടക്കമുള്ളരാജ്യങ്ങളോടാണ ആവശ്യപ്പെട്ടത്.

2011 ല്‍ ജനകീയ വിപ്ലവത്തെ തുടര്‍ന്ന് സ്ഥാന ഭൃഷ്ടനാക്കപ്പെട്ട സാലേഹ് ഹൂതി വിമതര്‍ക്കൊപ്പം ചേര്‍ന്ന് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. സാലിഹിന്റെ ആവശ്യം സൗദി തള്ളിയിട്ടുണ്ട്. ഹൂതികളുമായോ, സാലിഹ് പക്ഷവുമായോ അനുരഞ്ജനത്തിനില്ലെന്ന് വ്യക്തമാക്കിയ സൗദി യെമനില്‍ നിന്നും ഹൂതികളെ തുരത്തുന്നത് വരെ സൈനിക നടപടി തുടരുമെന്നും വ്യക്തമാക്കി.അതിനിടെ സൗദിയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. സൗദിയിലേക്ക് ഹജ്ജ് ഉംറ തീര്‍ത്ഥാടനത്തിന് പോകുന്നത് നേരത്തെ വിലക്കിയ ഇറാന്‍ ഹൂതി വിമതര്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ ലോകരാജ്യങ്ങളുടെ പിന്തുണ തേടുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സാഫിരി പറഞ്ഞു. വിഷയം തുര്‍ക്കിയും പാകിസ്താനുമായും ഇതിനോടകം ചര്‍ച്ച ചെയ്തതായും സാഫിരി പറഞ്ഞു.