ന്യൂഡല്‍ഹി: വിഘടനവാദികളും ഗവണ്മെന്റും തമ്മിലുള്ള സംഘര്‍ഷകലുഷിതമായ യെമനില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ഗവണ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നു. വ്യോമസേനയുടെയും നാവികസേനയുടെയും സഹായത്തോടെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ചൊവ്വാഴ്ച മുതല്‍ തുടങ്ങുമെന്നാണ് ഭാരതത്തില്‍ നിന്നുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിന് മേല്‍നോട്ടം വഹിക്കാനായി വിദേശസഹമന്ത്രി ജനറല്‍ വി.കെ. സിങ് ചൊവ്വാഴ്ച യെമന്റെ അയല്‍രാജ്യമായ ജിബൂട്ടിയിലെത്തും. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. വിദേശകാര്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യോമസേനാ തലവന്‍ അരൂപ് റാഹ, നാവികസേനയിലെയും ഷിപ്പിങ്, പ്രതിരോധ മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥര്‍, എയര്‍ ഇന്ത്യാ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.
400 ഇന്ത്യക്കാരെ യെമനിലെ ഏദന്‍ തുറമുഖത്തുനിന്ന് കപ്പല്‍മാര്‍ഗം ചൊവ്വാഴ്ച ജിബൂട്ടിയിലെത്തിക്കും. അവിടെ നിന്ന് ഇവരെ കൊണ്ടു വരുന്നതിന് വ്യോമസേനയുടെ രണ്ട് സി-17 വിഭാഗത്തിലെ ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ജിബൂട്ടിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യവക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു. ഏദനില്‍നിന്ന് വാടകയ്‌ക്കെടുത്ത കപ്പലിലാണ് ഇവരെ ജിബൂട്ടിയിലെത്തിക്കുന്നത്.
സംഘര്‍ഷ മേഖലയിലുള്ള ഐ.എന്‍. എസ്. സുമിത്രയ്ക്ക് പുറമേ, നാവികസേനയുടെ രണ്ട് കപ്പലുകള്‍ കൂടി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഉപയോഗിക്കും. ഐ.എന്‍.എസ്. മുംബൈ, ഐ.എന്‍.എസ്. തര്‍ക്കഷ് എന്നിവ ഇതിനായി വിട്ടുനല്‍കാന്‍ നാവികസേനയോട് ആവശ്യപ്പെട്ടു.
ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ നിലയുറപ്പിച്ച രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് യെമന്‍ തലസ്ഥാനമായ സനായിലേക്ക് പോകും. സൗദി അറേബ്യ ഇവയ്ക്ക് പറക്കാനുള്ള അനുമതി നല്‍കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് സംഘര്‍ഷമേഖലയില്‍ സിവിലിയന്‍ വിമാനങ്ങള്‍ക്ക് ഇതുവരെ അനുമതി നല്‍കിത്തുടങ്ങിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സൗദി അധികൃതരുമായി ഇന്ത്യ ബന്ധപ്പെട്ടു വരികയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് സനായില്‍ നിന്ന് നേരിട്ട് ഇന്ത്യക്കാരെ കൊണ്ടുവരുന്ന നടപടികള്‍ തുടങ്ങും.
ജിബൂട്ടിയിലെത്തുന്നവരെ കൊണ്ടുവരുന്നതിനുള്ള വ്യോമസേനാ വിമാനങ്ങള്‍ അവിടെ എവിടെയെത്തുമെന്ന് അറിയിച്ചിട്ടില്ല. ഇവരുമായി ബന്ധപ്പെട്ടശേഷമായിരിക്കും ഇക്കാര്യത്തിലുള്ള തീരുമാനം. ഇവര്‍ക്ക് വിദേശമന്ത്രാലയത്തിലെ അഞ്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായവും ലഭിക്കും. രണ്ടുകപ്പലുകള്‍ ജിബൂട്ടിയിലേക്ക് നീങ്ങിയിട്ടുണ്ട്. 700-ഉം 400-ഉം പേരെ കൊണ്ടുവരാന്‍ കഴിയുന്ന കപ്പലുകള്‍ അവിടെയെത്താന്‍ അഞ്ചു ദിവസമെടുക്കും.
സനായില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോകാന്‍ കരമാര്‍ഗം ഇപ്പോള്‍ സൗകര്യങ്ങളില്ല. സനായിലെ ഇന്ത്യന്‍ എംബസി അടയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും അത്യാഹിതമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികളുടെ ചെലവ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നാണ്.
യെമനില്‍ കുടുങ്ങിയ മലയാളികളുടെ കാര്യം സുഷമയുമായും യെമനിലെ ഇന്ത്യാ അംബാസഡറുമായും നിരന്തരം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പത്തു മാസത്തിനുള്ളില്‍ നാലാമത്തെ ഒഴിപ്പിക്കലിനാണ് കേന്ദ്രസര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. ആദ്യം യുക്രൈനിലെയും തുടര്‍ന്ന് ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിരുന്നു.