ഈസ്റ്റര്‍ ആശംസകളുമായി തിരുവുത്ഥാനഗീതം ഗന്ധര്‍വ്വനാദത്തില്‍

ഉത്ഥാനമഹോത്സവത്തിന്‍റെ അന്തസത്ത അസ്സലായി വരച്ചുകാട്ടുന്നൊരു ഗീതം!

ഗന്ധര്‍വ്വദാനത്തോടു ചേര്‍ന്ന് സുജാത മോഹനും സംഘവും ഈ ഗാനം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.  2000-Ɔമാണ്ട് ക്രിസ്തുജയന്തി ജൂബിലവത്സരത്തോടു ചേര്‍ന്നാണ് കൊച്ചിരൂപത ഈ ഗാനത്തിന്‍റെ നിര്‍മ്മാണം നടത്തിയത്. കൊച്ചി രൂപതയുടെ അന്നത്തെ അദ്ധ്യക്ഷന്‍, ബിഷപ്പ് ജോസഫ് കുരീത്തറയാണ് ഗാനരചയിതാവ്. ക്രിസ്തുവിന്‍റെ ഉത്ഥാനരഹസ്യത്തിന്‍റെ ദൈവശാസ്ത്ര ചിന്തകളും വിശുദ്ധഗ്രന്ഥ മൂലവും ഉള്‍ച്ചേര്‍ന്ന ഗാനത്തിന് ആരാധനക്രമഗീതത്തിന്‍റെ ഒരപൂര്‍വ്വ നിലവാരം രചനയിലും സംഗീതത്തിലും ഉണ്ടെന്നു പറയാം. ഫോര്‍ട്ടുകൊച്ചി സാന്താക്രൂസ് ബസിലിക്ക ഇടവകാംഗമായ കാട്ടാശ്ശേരി അഗസ്റ്റിന്‍ ജോസഫിന്‍റെയും എലിസബത്തിന്‍റെയും മകന്‍ യേശുദാസിന്   ‘കൊച്ചിയുടെ നക്ഷത്രം’ (Star of Cochin)  എന്ന ബഹുമതി 1992-ല്‍ രൂപതയുടെ പേരില്‍  നല്കിയത്   ഭാഗ്യസ്മരണാര്‍ഹനായ കുരീത്തറ പിതാവായിരുന്നു. പ്രിയപ്പെട്ട ‘ദാസപ്പന്’ ജന്മനാടു നല്കുന്ന സ്നേഹോപഹാരമാണിതെന്ന് പിതാവുതന്നെ പുരസ്ക്കാരത്തെ  അന്നു വിശേഷിപ്പിച്ചു.  ഇന്നത് പത്മഭൂഷണ്‍വരെ എത്തിയപ്പോള്‍ ആ പൊന്‍നാദത്തില്‍ നമുക്കിനിയും സന്തോഷിക്കാം അഭിമാനംകൊള്ളാം!

Loading...

കൊച്ചിയുടെ വയലിനിസ്റ്റും ഗ്രിഗോരിയന്‍ സംഗീതത്തിന്‍റെ പ്രയോക്താവുമായിരുന്ന ഗോ‍‍ഡ്-വിന്‍ ഫിഗരേദോ ഉയിര്‍പ്പിന്‍റെ ആനന്ദവും ഉണര്‍വ്വും ഈ ഗാനത്തില്‍ – ഈണത്തിലും പശ്ചാത്തലസംഗീതത്തിലും – ഒരുപോലെ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

കൊച്ചിരൂപതയുടെ ‘സാന്താ സിസീലിയ’   (Santa Cicilia) സ്റ്റുഡിയോയായിരുന്ന ഈ ഗാനത്തിന്‍റെ പണിപ്പുര. രൂപതയുടെ മതബോധനകേന്ദ്രം നിര്‍മ്മിച്ച്  ‘തരംഗിണി’ വിതരണംചെയ്ത ‘സ്വര്‍ഗ്ഗീയരാഗം’ എന്ന ഗാനശേഖരത്തിലെ ആദ്യഗാനമാണിത്. തന്‍റെ ജന്മനാടിനോടും രൂപതയോടുമുള്ള വാത്സല്യം പ്രകടമാക്കിക്കൊണ്ട് ഈ ആല്‍ബത്തിലെ മറ്റ് ഏഴുഗാനങ്ങളും കെ.ജെ. യേശുദാസ് തന്നെ ആലപിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.

വൈകിയെങ്കിലും ഈസ്റ്റര്‍നാളിലെ സന്തോഷമുള്ളതും അനുഗ്രഹപൂര്‍ണ്ണവുമായ ഒരനുസ്മരണമാകട്ടെ ഈ ഗീതം!