കര്‍ഷകര്‍ മരിച്ചതിനെ കുറിച്ച് ചോദിക്കുമ്പോള്‍ മന്ത്രി പറയുന്നത് യോഗ ചെയ്യാന്‍; പ്രതികരണം വിവാദമാകുന്നു

പാറ്റ്‌ന  : മധ്യപ്രദേശില്‍ കര്‍ഷപ്രക്ഷോഭത്തില്‍ വെടിയേറ്റുമരിച്ച കര്‍ഷകരേക്കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍ സിങിന്റെ പ്രതികരണം വിവാദമാകുന്നു. കര്‍ഷകരുടെ മരണത്തേക്കുറിച്ചുള്ള ചോദ്യത്തിന് ‘യോഗ ചെയ്യൂ’ എന്ന മറുപടിയാണ് കേന്ദ്രകൃഷി മന്ത്രി നല്‍കിയത്.

ബിഹാറിലെ മൊതിഹാരിയില്‍ യോഗ ഗുരു ബാബാ രാംദേവ് നടത്തുന്ന യോഗ ക്യാമ്പില്‍ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ മറുപടി. കര്‍ഷകപ്രക്ഷോഭം പടരുന്നതിനിടെ കൃഷി മന്ത്രി യോഗ ക്യാമ്പില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരവെയാണ് രാധാമോഹന്‍ സിങ്ങിന്റെ വിവാദപ്രതികരണം.

ചൊവ്വാഴ്ച്ചയാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ മന്‍ദ്‌സോറില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ ആറ് പേര്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. മന്‍ദ്‌സോറിന് പുറമേ കുടൂതല്‍ ആറ് ജില്ലകളിലേക്കും പടരുകയാണ്. തലസ്ഥാന നഗരിയായ ഭോപാലിന് അടുത്തുള്ള ദേവാസിലും പ്രക്ഷോഭം ശക്തിപ്പെടുകയാണ്.

രണ്ട് പൊലീസ് സ്റ്റേഷനുകള്‍ക്ക് കര്‍ഷകര്‍ തീയിട്ടു. ഒട്ടേറെ വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടതായും കടകള്‍ കൊള്ളയടിക്കപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരങ്ങളേക്കാള്‍ ഗ്രാമങ്ങളിലാണ് പ്രക്ഷോഭം ശക്തിയായി തുടരുന്നത്.

മധ്യപ്രദേശില്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് രാവിയെ ഉദയ്പൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ മന്‍ദ്‌സോറിലെത്തുന്നതിന് മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തത്