ലഖ്നൊ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. യോഗി ആദിത്യനാഥ് തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹം ക്വാറന്റൈനില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ക്വാറന്റൈനിലായതോടെ മുഖ്യമന്ത്രി നേരിട്ടുള്ള യോഗങ്ങളൊഴിവാക്കി വിര്‍ച്വല്‍ യോഗങ്ങളിലേക്ക് മാറിയിരുന്നുവെന്നാണ് സര്‍ക്കാര്‍ വക്താവ് ചൂണ്ടിക്കാണിക്കുന്നത്.
യോഗി ആദിത്യനാഥിന് പുറമേ മുന്‍ യുപി മുഖ്യമന്ത്രി സമാജ് വാദി പാര്‍ട്ടി തലവനും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായെന്നും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച് ചികിത്സ ആരംഭിച്ചെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്ബര്ക്കത്തിലായവര് നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
ഞായറാഴ്ച അഖിലേഷ് യാദവ് എബിഎപി പ്രസിഡന്റ് മഹന്ദ് നരേന്ദ്ര ഗിരിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇദ്ദേഹത്തിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം സ്വകാര്യ നഴ്സിംഗ് ഹോമില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. ഹരിദ്വാര്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയന്ത്രണങ്ങളെല്ലാം കര്‍ശനമാക്കിയിരുന്നു. പൊതുസ്ഥലത്തും ആരാധനാലയങ്ങളിലും അഞ്ച് പേരിലധികം കൂട്ടംകുടരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നവരാത്രി, റംമാന് എന്നിവ കണക്കിലെടുത്താണ് നിയന്ത്രണം.