യോഗി ആദിത്യനാഥിനെ അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് അധ്യക്ഷനാക്കണമെന്ന് ആവശ്യം

ന്യൂഡൽഹി : അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ട്രസ്റ്റിന് യോഗി ആദിത്യനാഥ് നേതൃത്വം നല്‍കണമെന്ന് ആവശ്യം ഉയരുന്നു. രാമജന്മഭൂമി ന്യാസാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയിലല്ല, ഗൊരഖ്‌നാഥ് മഠത്തിലെ മുഖ്യപൂജാരി എന്ന നിലയില്‍ യോഗി ആദിത്യനാഥിനെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

Loading...

വിശ്വഹിന്ദു പരിഷത് നേതാക്കളായ ചംപത്‌റായി, ഓംപ്രകാശ് സിംഗാള്‍, രാംജന്മഭൂമി ന്യാസ് മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരെയും ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

സുപ്രീംകോടതി കഴിഞ്ഞ ദിവസം പ്രസ്താവിച്ച വിധിയില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ത്വരിതപ്പെടുത്തി വരികയാണ്.

അറ്റോര്‍ണി ജനറലിന്റെയും കേന്ദ്ര നിയമമന്ത്രാലയത്തിന്റെയും നിയമോപദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടിയിട്ടുമുണ്ട്. ട്രസ്റ്റ് രൂപവത്കരണം ഏതു തരത്തിലായിരിക്കണം എന്നതിനെ കുറിച്ചാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമോപദേശം ആരാഞ്ഞത്.

ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം നിര്‍മ്മിക്കാന്‍ രൂപവത്കരിച്ച ട്രസ്റ്റിന്റെ മാതൃകയില്‍ ട്രസ്റ്റ് രൂപവത്കരിക്കുക എന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. നിമോഹി അഖാഡയുടെ ഒരു പ്രതിനിധിയെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ട്രസ്റ്റില്‍ എത്ര അംഗങ്ങള്‍ വേണമെന്നതില്‍ അറ്റോണി ജനറലിന്റെയും നിയമ മന്ത്രാലയത്തിന്റെയും ഉപദേശങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനത്തിലെത്തിയേക്കൂ.

മസ്ജിദിനു പുറത്തുള്ള രാം ഛബൂത്രയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുമതി തേടി 1885-ല്‍ ഫൈസാബാദ് സബ് കോടതിയിലെത്തിയ ഹര്‍ജിയാണ് അയോധ്യാഭൂമിയെച്ചൊല്ലി നിയമ പോരാട്ടത്തിനു തുടക്കമിട്ടത്. ഈ ഹര്‍ജി കോടതി നിരസിച്ചു.

പില്‍ക്കാലത്ത് വിവിധ കോടതികളിലെത്തിയ ഹര്‍ജികളെല്ലാം ഒന്നിച്ചു പരിഗണിച്ചായിരുന്നു മൂന്നു കക്ഷികള്‍ക്കും ഭൂമി തുല്യമായി വിഭജിച്ചുനല്‍കാന്‍ 2010 ല്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ആരും തര്‍ക്കഭൂമി പങ്കിടുന്നതിനെ അനുകൂലിച്ചില്ല.

അന്തിമ വാദത്തിനു സമാന്തരമായി മുന്‍ ജഡ്ജി എഫ്.എം.ഐ. കലീഫുള്ളയുടെ നേതൃത്വത്തില്‍ മധ്യസ്ഥശ്രമത്തിനും സുപ്രീം കോടതി ശ്രമിച്ചിരുന്നു. എന്നാല്‍ പല ഹിന്ദു സംഘടനകളും ഒത്തുതീര്‍പ്പിനു സന്നദ്ധരായില്ല. തര്‍ക്കഭൂമിയുടെ അവകാശം ഉപേക്ഷിക്കാമെന്നു സമിതിക്കു മുന്നില്‍ സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചെങ്കിലും അതു നേരിട്ടു കോടതി മുറിയില്‍ ഉന്നയിക്കപ്പെട്ടില്ല. വിവിധ മുസ്ലിം സംഘടനകള്‍ ഈ ഒത്തുതീര്‍പ്പിനോടു വിയോജിക്കുകയും ചെയ്തു.

രേഖകളുടെ അടിസ്ഥാനത്തിലല്ല, രേഖകള്‍ ഇല്ലാത്തതിന്റെ പേരിലാണ് ഭൂമി മൂന്നായി വിഭജിക്കുന്നതെന്നായിരുന്നു ബഞ്ചിന്റെ പരാമര്‍ശം. രമ്യതയുടെ പാതയിലേക്കുള്ള വഴി നടത്താന്‍ വേണ്ടിയാണ് കോടതിയുടെ ശ്രമമെന്നായിരുന്നു ആമുഖത്തില്‍ ജസ്റ്റീസ് ഖാന്‍ പറഞ്ഞത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉത്ഖനന റിപ്പോര്‍ട്ടുകളും വാദത്തില്‍ കോടതി പരിഗണിച്ചിരുന്നെങ്കിലും ഈ റിപ്പോര്‍ട്ട് പരിഗണിച്ചത് ജസ്റ്റീസ് ധരംവീര്‍ ശര്‍മ്മ മാത്രമായിരുന്നു.

എന്തായാലും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണം. ഇതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ത്വരിതപ്പെടുത്തി വരികയാണ്.