ലഖിംപുർ സംഭവത്തിൽ വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റില്ല; യോ​ഗി ആദിത്യനാഥ്

ലഖ്‌നൗ: ലഖിംപുർ സംഭവം കൂടുതൽ പ്രതിഷേധാ​ഗ്നിയായി മാറി​ക്കൊണ്ടിരിക്കെ യുപി സർക്കാരിനെതിരെയും കേന്ദ്രത്തിനെതിരെയും സുപ്രീംകോടതിയും ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. മന്ത്രിപുത്രനെന്ന പരി​ഗണന എന്തിനാണ് ആശിഷ് മിശ്രയ്ക്ക് നൽകുന്നത് എന്നും സുപ്രീംകോടതി വിമർശിച്ചിരുന്നു. ഇന്ന് ആശിഷ് മിശ്ര ചോ​ദ്യം ചെയ്യലിന് ഹാജരാകും എന്ന് അറിയിച്ചതിന് പിന്നാലെയാണ് യോ​ഗി ആദിത്യനാഥിന്റെ ചില വിമർശനങ്ങൾ ശ്രദ്ധേയമാകുന്നത്. ”നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ ആകില്ല. അന്വേഷണം നടക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റക്കാർ ആരും രക്ഷപ്പെടില്ല”-യോഗി ആദിത്യനാഥ് സ്വകാര്യ ചാനലിനോട് പറഞ്ഞു. സമ്മർദ്ദത്തിന്റെ പുറത്ത് നടപടിയെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്ന പ്രതിപക്ഷ നേതാക്കളെയും യോഗി വിമർശിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം. ലഖിംപുർ ഖേരിയിൽ സമരം ചെയ്തിരുന്ന കർഷകർക്കുനേരെ മന്ത്രിപുത്രന്റെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ നാല് കർഷകനും മാധ്യമപ്രവർത്തകനുമുൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. ആരോപണ വിധേയരായ ബിജെപി നേതാക്കളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന ആരോപണത്തെയും യോഗി തള്ളി. സംഭവത്തിൽ ആരോപണം നേരിടുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. 11 മണിക്ക് ഹാജരാകണമെന്നാണ് നോട്ടീസ്.

Loading...