വ്യാജ മദ്രസകൾക്കെതിരായ അന്വേഷണം തുടരാൻ യോഗി സർക്കാർ, അനുമതി നൽകി ഹൈക്കോടതി

ലക്നൗ : രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന മദ്രസകൾ അടച്ചുപൂട്ടാനുള്ള നീക്കങ്ങൾ ശക്തമാക്കി യോഗി സർക്കാർ. വ്യാജ മദ്രസകൾക്കെതിരായ അന്വേഷണം യുപി സർക്കാരിന് തുടരാമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. 2004ലെ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്‌ട് പ്രകാരം സംസ്ഥാന സർക്കാരിന് നൽകിയിട്ടുള്ള അധികാരത്തിന്റെ അടിസ്ഥാനത്തിൽ അസംഗഢിലെ നിരവധി മദ്രസകളിലെ എസ്ഐടി അന്വേഷണമാണ് അലഹബാദ് ഹൈക്കോടതി ശരിവച്ചത്.

എപ്പോൾ വേണമെങ്കിലും അന്വേഷണത്തിനായി രേഖകൾ ഹാജരാക്കാൻ മദ്രസ മേധാവിയെയോ അതിന്റെ ഉദ്യോഗസ്ഥരെയോ വിളിക്കാനും സംസ്ഥാനത്തിന് അധികാരമുണ്ടെന്നും ജസ്റ്റിസ് ക്ഷിതിജ് ശൈലേന്ദ്ര അദ്ധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു. മദ്രസകൾക്കെതിരായ വിവിധ പരാതികൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു.

Loading...

സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് മുമ്പാകെയാണ് എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചത്.എസ്.ഐ.ടി നടത്തുന്ന അന്വേഷണത്തിനെതിരെ മദ്രസകളാണ് കോടതിയെ സമീപിച്ചത് . ഏകദേശം 313 മദ്രസകളിൽ അന്വേഷണം നടത്തിയെന്നും പ്രാഥമിക അന്വേഷണത്തിൽ അനർഹമായ പ്രവർത്തനങ്ങളും അപാകതകളും കണ്ടെത്തിയെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ കൈക്കൊള്ളുക.