ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മുകളില്‍ ഇനി 2000 ത്തിന്റെ നോട്ടുകള്‍ ലഭിക്കില്ല

2000 രൂപയുടെ നോട്ടുകൾ പ്രതീക്ഷിച്ച് ഇനി ഇന്ത്യന്‍ ബാങ്ക് എടിഎമ്മുകളുടെ മുന്നിൽ ഇനി ആരും ചെല്ലണ്ട…മാർച്ച് 1 മുതൽ ഇന്ത്യന്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്ന് ഇനി 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍..2000 ത്തിന്റെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കുന്നത് നിര്‍ത്തിയതായി ഇന്ത്യൻ ബാങ്ക് അധികൃതരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു…എടിഎമ്മില്‍ നിന്ന് കിട്ടിയ 2000 ത്തിന്റെ നോട്ടുമായി ചില്ലറ തേടി ശാഖകളിലെത്തുന്നത് പതിവായതോടെ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ തീരുമാനമെന്നും ബാങ്ക് പറയുന്നു…2000 ത്തിന് പകരം 200 ന്റെ നോട്ടുകളാകും നിറയ്ക്കുക. മാര്‍ച്ച് ഒന്നിന് ശേഷം 2000 ത്തിന്റെ നോട്ട് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് അപ്രത്യക്ഷമാകും.എടിഎമ്മുകളില്‍ നിന്നും ലഭിക്കുന്ന 2000ത്തിന്റെ നോട്ടുകള്‍ ആളുകള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചതിന് ശേഷം ആളുകള്‍ 2000ത്തിന്റെ നോട്ടുകള്‍ ചില്ലറയാക്കുന്നതിന് വേണ്ടി ബാങ്കുകളെ സമീപിക്കുകയാണ് എന്നാണ് ഇന്ത്യന്‍ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയില്‍ പറയുന്നു.

ബാങ്കുകളുടെ ലയനത്തിന് ശേഷം മാത്രമേ അലഹാബാദ് ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്നും 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം രാജ്യത്തെ മറ്റ് പൊതു-സ്വകാര്യ ബാങ്കുകള്‍ ഇന്ത്യന്‍ ബാങ്കിന്റെ ഈ തീരുമാനം പിന്തുടര്‍ന്നേക്കില്ല. എടിഎമ്മുകളില്‍ 2000ത്തിന്റെ നോട്ടുകള്‍ നിറയ്ക്കുന്നത് അവസാനിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് എടിഎം നെറ്റ് വര്‍ക്കുകള്‍ കൈകാര്യം ചെയ്യുന്ന കമ്ബനിയായ എഫ്‌എസ്‌എസ് പ്രസിഡണ്ട് വി ബാലസുബ്രഹ്മണ്യം അറിയിച്ചു.ഇതിനോടകം അച്ചടിച്ച 2.46 ലക്ഷം കോടി രുപയുടെ മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Loading...

ഡിസംബര്‍ എട്ട് വരെ 2000 രൂപയുടെ 3654 ദശലക്ഷം നോട്ടുകള്‍ അച്ചടിച്ചുവെന്നാണ് ലോക്‌സഭയില്‍ സമര്‍പ്പിച്ച കറന്‍സി കണക്കുകളും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. 500 രൂപയുടെ 16,957 ദശലക്ഷം നോട്ടുകളാണ് ഇക്കലായളവില്‍ അച്ചടിച്ചത്. ഇതിന്റെ രണ്ടിന്റെയും ആകെ തുക 15.78 ലക്ഷം കോടി രൂപ വരും.ഇപ്പോള്‍ വിപണിയിലുള്ളത് 13.3 ലക്ഷം കോടിയുടെ 2000, 500 കറന്‍സി നോട്ടുകളാണ്. അതേസമയം വിപണിയിലുള്ള 5 മുതല്‍ 200 രൂപാവരെയുള്ള നോട്ടുകളുടെ മൂല്യം 3.5 ലക്ഷം കോടി മാത്രമാണ്. ഈ അന്തരം ഇടപാടുകളെ സാരമായി ബാധിക്കുമെന്ന തിരിച്ചറിവിലാണ് ആര്‍ ബി ഐയുടെ നീക്കം.