മാവേലിക്കര: ക്വട്ടേഷന്‍ സംഘവുമായുണ്ടായ വാക്കുതര്‍ക്കം യുവാവിന്റെ ജീവന്‍ അപഹരിച്ചു. പെട്രോള്‍ പമ്പിനു മുന്നിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം യുവാവിനെ കുത്തി കൊലപ്പെടുത്തി. കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ നഗറില്‍ പരേതനായ ടാന്‍സലിന്റെയും ഷാര്‍ളറ്റിന്റെയും മകന്‍ ഡെസ്‌റ്റമിനാണ് (28) മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ തഴക്കര കൊച്ചാലുംമൂട് ജംഗ്‌ഷനു തെക്ക് കൃഷിഭവന്‍ ഓഫീസിനു സമീപമാണു സംഭവം. അറുനൂറ്റിമംഗലം കേന്ദ്രീകരിച്ചു ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്ന സായിപ്പ് എന്നുവിളിക്കുന്ന ബിപിന്‍, മാങ്കാംകുഴി സ്വദേശി റോബിന്‍ എന്നിവരാണു കൊലപാതകത്തിനു പിന്നിലെന്നു സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: കൊല്ലം സ്വദേശികളായ അഞ്ചു സുഹൃത്തുക്കള്‍ക്കൊപ്പം പൊറ്റമേല്‍ക്കടവ് സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിലെ പെരുന്നാളിനോടനുബന്ധിച്ചു നടന്ന തൃശൂര്‍ ട്രൂപ്പിന്റെ ബാന്‍ഡ് മേളം കാണാനെത്തിയതാണു ഡെസ്‌റ്റമിന്‍.
ബാന്‍ഡ് പരിപാടികളില്‍ കമ്പമുള്ള ഡെസ്‌റ്റമിന്‍ ശാസ്‌താംകോട്ടയില്‍ ഒരു പ്രോഗ്രാം കണ്ടശേഷമാണു പൊറ്റമേല്‍കടവില്‍ വന്നത്.
പരിപാടി കണ്ടശേഷം രണ്ടു സുഹൃത്തുക്കള്‍ ബൈക്കില്‍ മടങ്ങി. പിന്നീടാണു ഡെസ്‌റ്റമിനും സുഹൃത്ത് ജിഫിനും ബുള്ളറ്റിലും മറ്റു രണ്ടുപേര്‍ ആക്‌റ്റീവയിലുമായി കൊല്ലത്തിനു തിരിച്ചത്. ബുള്ളറ്റ് ഓടിച്ചതു ഡെസ്‌റ്റമിനായിരുന്നു. പുലര്‍ച്ചെ ഒരുമണി കഴിഞ്ഞു കൊച്ചാലുംമൂട് ആഞ്ഞിലിവിള പമ്പില്‍ പെട്രോളടിക്കാന്‍ ആക്‌റ്റീവയുമായി സുഹൃത്തുക്കള്‍ കയറിയപ്പോള്‍ തൊട്ടുപിന്നിലൂടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന വെള്ള മാരുതി സ്വിഫ്‌റ്റ് ഡിസയര്‍ കാറും പെട്രോളടിക്കാന്‍ എത്തി. പെട്രോളടിച്ചു മുന്നോട്ടുനീങ്ങിയ കാറിന്റെ ഡിക്കി തുറന്നിരിക്കുന്നതു കണ്ട ഡെസ്‌റ്റമിന്‍ അക്കാര്യം വിളിച്ചുപറഞ്ഞു. തുടര്‍ന്നു ബുള്ളറ്റില്‍ മുന്നോട്ടുപോയ ഡെസ്‌റ്റമിനെയും ജിഫിനെയും പമ്പിനു തെക്കുവശം വച്ചു പ്രതികള്‍ തടഞ്ഞു നിര്‍ത്തി വാക്കു തര്‍ക്കമുണ്ടാക്കുകയും ആക്രമിക്കുകയുമായിരുന്നു.
ഡെസ്‌റ്റമിന്റെ ശരീരത്തു ഒമ്പതോളം മുറിവുണ്ട്. ഇടതുനെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റതാണു മരണകാരണം. നെഞ്ചിന്റെ മധ്യഭാഗത്തും വയറിലും ഗുരുതരമായി കുത്തേറ്റു. പുലര്‍ച്ചെ ആയിരുന്നതിനാല്‍ വാഹന സൗകര്യമുണ്ടായിരുന്നില്ല. ടൂവീലറില്‍ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാവേലിക്കര സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അന്വേഷണം തുടങ്ങി.