ജോലി ഇല്ല, വിശപ്പ് സഹിക്കാനാവാതെ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ജോലി നഷ്ടപ്പെട്ടു. അസഹനീയമായ വിശപ്പ് സഹിക്കാന്‍ കഴിയാതെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൊബൈല്‍ ടവറിന് മുകളില്‍ കയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. ഇന്നലെ വൈകീട്ട് 7 മണിയോടെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് കപ്പേള ജംങ്ഷന് സമീപം സംഭവം നടക്കുന്നത്. 27 കാരനായ കോതമംഗലം സ്വദേശി അരുണ്‍കുമാറാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പിന്നീട് പൊലീസ് സംഭവ സ്ഥലത്തെത്തി അനുനയിപ്പിച്ചാണ് യുവാവിനെ താഴെയിറക്കിയത്. ടവറില്‍ 40 അടിയോളം ഉയരത്തില്‍ അരുണ്‍ കയറിയതായി പൊലീസ് പറയുന്നു. മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് സംഭവം നാട്ടുകാരും യാത്രക്കാരും കാണുന്നത്.

യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ എത്തിയ ഗാന്ധിനഗര്‍ പൊലീസ് അഗ്‌നിരക്ഷാ സേനയെ വിളിച്ചുവരുത്തി.ദിവസങ്ങളായി ജോലിയില്ലെന്നും പട്ടിണിയാണെന്നും ഇദ്ദേഹം വിളിച്ചുപറഞ്ഞു. താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ആത്മഹത്യ ചെയ്യുമെന്ന് തന്നെ യുവാവ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പൊലീസ് ഉപദ്രവിക്കില്ലെന്നു ഉറപ്പുനല്‍കിയാല്‍ ഇറങ്ങാമെന്നു പറഞ്ഞു. ഏഴരയോടെ താഴെയിറങ്ങി. ഉടന്‍ തന്നെ പൊലീസ് സമീപത്തുള്ള ഹോട്ടലില്‍ നിന്നും യുവാവിന് ഭക്ഷണം വാങ്ങി നല്‍കി. പിന്നീട് അരുണ്‍കുമാറിനെ പരിചയമുള്ള ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം പൊലീസ് പറഞ്ഞു വിടുകയായിരുന്നു.

Loading...