ടെഹ്റാന്. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയില്‍ എടുത്ത മഹ്സ അമിനിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടിയാണ് ഇറാന് സ്വീകരിക്കുന്നത്. പ്രതിഷേധം അടിച്ചമര്‍ത്തുവാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളില്‍ 31 പേര് കൊല്ലപ്പെട്ടു. നോര്‍വെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
അതേസമയം വടക്കന്‍ മസാന്‍ഡരന്‍ പ്രവശ്യയിലെ അമോലില്‍ ബുധനാഴ്ച ഉണ്ടായ വെടിവെപ്പില്‍ 11 പേരും ബാബോലില്‍ ആറ് പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തങ്ങളുടെ അവകാശങ്ങളും സമാധാനപരമായ ജിവിക്കുവാനുള്ള അവകാശത്തിനുമാണ് പ്രതിഷേധം നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍ വെടിയുണ്ടകള്‍ കൊണ്ടാണ് ഹിജാബിനെതിരെ സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ നേരിടുന്നത്.
ഇറാനില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. ഇപ്പോള്‍ 30 കൂടുതല്‍ പ്രദേശങ്ങളില്‍ സമരം വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ പ്രതിഷേധം ആരംഭിച്ചിട്ട് ആറ് ദിവസമായി. മഹ്സയുടെ ജന്മനാടായ കുര്‍ദിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയിലാണ് പ്രതിഷേധം ആദ്യം തുടങ്ങിയത്. ഇപ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മഹ്സയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മഹ്സ കൊല്ലപ്പെട്ടത് എന്നാണ് കുടുംബം പറയുന്നത്.