വൈന്‍ നിര്‍മിക്കാന്‍ എക്‌സൈസിന്റെ അനുഗ്രഹം ചോദിച്ചു;യുവാവിനെതിരെ കേസ്

വൈനുണ്ടാക്കുന്നതിന് എക്‌സൈസിന്റെ അനുഗ്രഹം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട എക്‌സൈസ് യുവാവിനെതിരെ കേസെടുത്തു. ആലുവ കിടങ്ങൂര്‍ സ്വദേശി ഷിനോ മോന്‍ ചാക്കോയ്ക്ക് എതിരെയാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്.
വൈഫ് ഹൗസിലെ പൈനാപ്പിള്‍ കൃഷി ഒരു ലോഡ് ഇറക്കി. ഒരു കിടുക്കാച്ചി സാധനം ഉണ്ടാക്കാന്‍ പോകുന്നു. ഏവരുടെയും എക്‌സൈസ് കാരുടെയും അനുഗ്രഹം വേണം ഇങ്ങനെയായിരുന്നു യുവാവിന്റെ പോസ്റ്റ്.

ഏതായാലും പോസ്റ്റ് കണ്ട മാത്രയില്‍ യുവാവിന് അനുഗ്രഹം നല്‍കാന്‍ തന്നെ എക്‌സൈസ് തീരുമാനിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ എക്‌സൈസ് ഇയാള്‍ക്കെതിരെ കേസെടുത്തു. ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റിയനും സംഘവും ഷിനോ മോന്‍ ചാക്കോയുടെ വീട്ടില്‍ പരിശോധനയും നടത്തി.

Loading...

എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എഎസ് രജ്ഞിത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ആലുവസര്‍ക്കിള്‍ യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വൈന്‍ നിര്‍മാണത്തിന് വേണ്ടി സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റര്‍ വാഷും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. വീടിന്റെ അടുക്കളയോടു ചേര്‍ന്നുള്ള ഒരു സ്‌റ്റോര്‍ മുറിയിലായിരുന്നു വാഷ്. ചീന ഭരണിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇത്.