ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയം; പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതിന് ശേഷം പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്ന സംഭവങ്ങൾ കേരളത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് കൂടുതലും ഇതിന് ഇരയാകുന്നത് എന്നതാണ് ശ്രദ്ധേയം. ഇൻസ്റ്റ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികൾ ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്. പെൺകുട്ടിയെ ബേക്കലിൽ എത്തിച്ച് പീഡിപ്പിക്കാനാണ് പ്രതികൾ ശ്രമിച്ചത്. നിലമ്പൂർ അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടിൽ സെബീറിനെ​ (25) പെരിന്തൽമണ്ണ എസ്.ഐ സി.കെ. നൗഷാദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്തതോടെയാണ് മുഴുവൻ പ്രതികളെ കുറിച്ചുമുള്ള വിവരം ലഭ്യമായത്.

ഒന്നാംപ്രതി കാസർകോട്​ അഴമ്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടിൽ അബ്​ദുൽ നാസിർ (24), മൂന്നാംപ്രതി പോരൂർ മലക്കല്ല് മുല്ലത്ത് വീട്ടിൽ മുഹമ്മദ് അനസ് (19) എന്നിവരെ ഈ മാസം ആദ്യം പിടികൂടിയിരുന്നു. ആഗസ്​റ്റ്​ 27നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ അബ്​ദുൽ നാസിറിെൻറ നിർദേശപ്രകാരം സെബീറും മുഹമ്മദ് അനസും സെബീറിെൻറ കാറിൽ നീലേശ്വരത്തേക്ക് കൊണ്ടുപോയി. കാത്തുനിന്നിരുന്ന അബ്​ദുൽ നാസിറിനെയും കൂട്ടി ബേക്കൽ ബീച്ചിലേക്ക് പോവുകയായിരുന്നു. യാത്രക്കിടെ കാറിൽവെച്ചും പീഡനശ്രമം നടന്നു. രക്ഷപെട്ട പെൺകുട്ടി ചൈൽഡ് ലൈന് നൽകിയ പരാതിയെത്തുടർന്ന് പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ സെബീറിനെ റിമാൻഡ് ചെയ്തു.

Loading...