വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മാവേലിക്കര: വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പുഞ്ചയിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായത്. ബുധനാഴ്ച വൈകിട്ട് തട്ടാരമ്പലത്തിന് സമീപമുള്ള പുഞ്ചയിൽ നടന്ന അപകടത്തിലാണ് 21 കാരനായ ഹരികുമാറിനെ കാണാതായത്. വെൺമണി താഴം വല്യത്ത് രാജുവിൻറെ മകൻ ഹരികുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നെത്തിയ സ്കൂബ ടീം ഡൈവർമാരായ കെ ആർ അനിൽകുമാർ, ലോറൻസ് ഫ്രാൻസിസ്, അനീഷ്, ഉദയകുമാർ, ചെങ്ങന്നൂർ നിലയത്തിലെ സുനിൽ ശങ്കർ, മാവേലിക്കര നിലയത്തിലെ അരുൺ. ജി നാഥ്, സനിൽകുമാർ എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം തട്ടാരമ്പലം പടുകാൽ പുഞ്ചയിൽ വള്ളത്തിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപെട്ടത്. ശക്തമായ കാറ്റിനെ തുടർന്ന് വള്ളം മറിയുകയും ശ്രീഹരിയെ വെള്ളത്തിലകപ്പെട്ട് കാണാതാകുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ മാവേലിക്കര അഗ്നി രക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ ആർ. ജയദേവൻറെ നേതൃത്വത്തിൽ ഗ്രേഡ് എ എസ് ടി ഒ സി രാജേന്ദ്രൻ നായരും സേന അംഗങ്ങളും രാത്രിയിൽ തെരച്ചിൽ നടത്തിയെങ്കിലും ശ്രീഹരിയെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയും ഇരുട്ടും കാരണം നിർത്തിവെച്ച തിരച്ചിൽ വ്യാഴാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ജില്ലാ ഫയർ ഓഫീസർ കെ ആർ അഭിലാഷ് തിരച്ചിലിന് നേതൃത്വം നൽകി.

Loading...