ശുചി മുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; സംഭവം നാദാപുരത്ത്

കോഴിക്കോട്: നാദാപുരത്ത് യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസ് ആണ് ഷോക്കേറ്റ് മരിച്ചത്.33 വയസ്സായിരുന്നു.വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. നാദാപുരത്തെ ഒരു കടയിൽ ജോലി ചെയ്യുന്ന നവാസ് രാത്രി കടയിൽ നിന്ന് ക്വാർട്ടേഴ്സിലെത്തുകയും ശുചിമുറിയിലെ ലൈറ്റ് നന്നാക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ഷോക്കേറ്റ് മരിച്ചത്.

നവാസിൻറെ കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും ഷോക്കേറ്റു. ഇരുവരും നാദാപുരത്ത് വാടക വീട്ടിലാണ് അപകടം ഉണ്ടായത്. ലൈറ്റ് നന്നാക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പൊലീസിനോട് പറഞ്ഞു. മുറിയിൽ ഷോക്കേറ്റു വീണ ഇരുവരെയും ഉടൻ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാനായില്ല. അൻഷാദിനു കാര്യമായ പരിക്കുകളില്ല.

Loading...