ആകാശത്തുവെച്ചു ഹെലികോപ്റ്ററിന്റെ എൻജിൻ നിന്നു; ശിവകുമാറിന്റെ മനോധൈര്യം ഉണർന്നു

വ്യവസായപ്രമുഖൻ എം.എ. യൂസഫലിയുമായി സഞ്ചരിച്ച ഹെലികോപ്റ്റർ ആകാശത്ത് അപ്രതീക്ഷിതമായി നിലച്ചപ്പോൾ ശിവകുമാറിന്റെ മനോധൈര്യത്തിലൂടെ അപകടം ഒഴിവായി. അപകടത്തിലായ ഹെലികോപ്റ്റർ ഏതുവിധേനയും നിലത്തിറക്കുക, ഒപ്പം ആരുടെയും ജീവന് അപകടമില്ലാതിരിക്കുക. ചിന്തിക്കാൻ നേരമില്ലാത്ത നേരത്ത് ശിവകുമാർ എന്ന പൈലറ്റിനു തുണയായത് എയർഫോഴ്സ് വിങ് കമാൻഡർ പദവിയിലൂടെ നേടിയ മനോധൈര്യം. റണ്ണിങ് എൻജിൻ നിലച്ചപ്പോൾ അടുത്ത എൻജിൻ പ്രവർത്തിപ്പിക്കാൻ രണ്ടു പൈലറ്റുമാരും നോക്കിയെങ്കിലും വിജയിച്ചില്ല. അതോടെയാണ് ഏതുവിധേനയും സുരക്ഷിതമായി നിലത്തിറക്കാൻ തീരുമാനിച്ചതെന്ന് ശിവകുമാർ പറഞ്ഞു.

രണ്ടു പൈലറ്റുമാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. സീനിയർ പൈലറ്റായതിനാൽ ശിവകുമാറിനെ ക്യാപ്റ്റനെന്നാണു വിളിച്ചിരുന്നത്. എയർഫോഴ്സിൽ വിങ് കമാൻഡറായി വിരമിച്ച ശേഷം ന്യൂഡൽഹിയിൽ റെലിഗേർ എന്ന ഫ്ളൈറ്റ് കമ്പനിയിൽ ജോലിചെയ്തു. അക്കാലത്ത് നരേന്ദ്രമോദി, സോണിയാ ഗാന്ധി, ലാലുപ്രസാദ് യാദവ് എന്നിവർക്കുവേണ്ടി പ്രത്യേക വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്തി. പിന്നീടാണ് യൂസഫലിക്കൊപ്പം ചേർന്നത്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ നേരത്തേ ഇറ്റലിയിൽനിന്ന് ഇന്ത്യയിലെത്തിച്ചതും ശിവകുമാറായിരുന്നു.

Loading...

ചിറക്കടവ് എസ്.ആർ.വി. ജങ്ഷനിൽ കോയിപ്പുറത്ത് മഠത്തിൽ ഭാസ്കരൻ നായരുടെയും ഭവാനിയമ്മയുടെയും മകനാണ് കെ.ബി. ശിവകുമാർ. എറണാകുളം വൈറ്റിലയിലാണു താമസിക്കുന്നത്. ബിന്ദുവാണ് ഭാര്യ. മൂത്തമകൻ തുഷാർ കാനഡയിൽ മെക്കാനിക്കൽ എൻജിനിയറാണ്. രണ്ടാമത്തെ മകൻ അർജുൻ എയറോനോട്ടിക്കൽ പഠനം കഴിഞ്ഞു.