ഓര്‍ഡര്‍ ചെയ്ത ഭക്ഷണം താമസിച്ചു; പരാതിപ്പെട്ട യുവതിയുടെ മൂക്കിടിച്ച് തകര്‍ത്ത് സൊമാറ്റോ ജീവനക്കാരന്‍

ബെംഗളൂരു: ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് പറഞ്ഞ സമയം കഴിഞ്ഞിട്ടും എത്താത്തതിനെത്തുടര്‍ന്ന് യുവതി പരാതിപ്പിട്ടു. പരാതിപ്പെട്ടതിനെത്തുടര്‍ന്ന് യുവതിയുടെ മൂക്കിടിച്ച് തകര്‍ത്ത് സൊമാറ്റോ ജീവനക്കാരന്‍. ബെംഗളൂരുവിലാണ് സംഭവം. കര്‍ണാടകയിലെ ഇസക്ട്രോസിറ്റി പൊലീസാണ് കാമരാജ് എന്ന സൊമാറ്റോ ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹിതേഷാ ചന്ദ്രാണിയുടെ പരാതിയിലാണ് അറസ്റ്റ് നടന്നത്. മാര്‍ച്ച് 9 നാണ് സംഭവം നടക്കുന്നത്. വൈകുന്നേരം 3.30 ഓടെയാണ് യുവതി സൊമാറ്റോ ആപ്പ് വഴി ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയത്.ഒരുമണിക്കൂറിനുള്ളില്‍ ഭക്ഷണം എത്തുമെന്നായിരുന്നു ആപ്പിലൂടെ ലഭിച്ച സന്ദേശം. എന്നാല്‍ അത് കഴിഞ്ഞും ഭക്ഷണമെത്താതായതോടെ യുവതി സൊമാറ്റോയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു.

വൈകിയതിനാല്‍ ഫ്രീ ഡെലിവറിയോ അല്ലാത്ത പക്ഷം ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യണമെന്നും സൊമാറ്റോയോട് യുവതി ആവശ്യപ്പെട്ടിരുന്നു. ഈ സമയത്ത് ഇവിടെ എത്തിയ സൊമാറ്റോ ജിവനക്കാരനും യുവതിയും തമ്മില്‍ ഭക്ഷണം വൈകിയതിനേച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടയിലാണ് യുവാവ് യുവതിയുടെ മൂക്കിന് ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ പാലം തകര്‍ന്നതായാണ് യുവതിയുടെ പരാതി. വീട്ടിനകത്തു കയറി മൂക്കിന് മര്‍ദിച്ചെന്നും ചോരവന്നതുകണ്ടപ്പോള്‍ യുവാവ് ഓടി രക്ഷപ്പെട്ടെന്നും യുവതി പറയുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ഹിതേഷാ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. യുവതിയോട് ഖേദം പ്രകടിപ്പിച്ച സൊമാറ്റോ അധികൃതര്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്നും അറിയിച്ചിരുന്നു..

Loading...