മൃ​ഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണം; ഹർഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരൻ എ. ഹർഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കാലതാമസം കൂടാതെ നൽകണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കും മ്യൂസിയം മൃഗശാലാ ഡയറക്ടർക്കുമാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്.ഹർഷാദിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പിതാവായ എം. അബ്ദുൾ സലാം നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്തിമ റിപ്പോർട്ട് തയ്യാറാക്കണമെന്ന് കമ്മീഷൻ മ്യൂസിയം പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർക്ക് ഉത്തരവ് നൽകി.

രാജവെമ്പാല പോലുള്ള ഉരകങ്ങളുടെ കൂട് വൃത്തിയാക്കുമ്പോൾ ഒന്നിലധികം ജീവനക്കാരെ നിയോഗിക്കണമെന്നും അത് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലായിരിക്കണമെന്നുമുള്ള കേന്ദ്ര മാനദണ്ഡം മൃഗശാലാ അധികൃതർ പാലിച്ചില്ലെന്ന പരാതിക്കാരന്റെ വാദം പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.അപകട സമയത്ത് ഹർഷാദിനെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നതായി മ്യൂസിയം മൃഗശാലാ ഡയറക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ജൂലൈ ഒന്നിനായിരുന്നു മൃഗശാലാ ജീവനക്കാരനായ ഹർഷാദിനെ രാജവെമ്പാല കടിച്ചത്. പാമ്പിന് തീറ്റ നൽകി, കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. കേരളത്തിൽ രാജവെമ്പാലയുടെ കടിയേറ്റുള്ള ആദ്യമരണമായിരുന്നു ഇത്.

Loading...