വിഡിയോ കോണ്‍ഫറന്‍സിങിന് ലോക്ഡൗൺ കാലത്ത് സൂം ആപ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സൂം വിഡിയോ കോണ്‍ഫറന്‍സിങ് ആപ് സുരക്ഷിതമല്ലെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസം അമേരിക്കയിൽ സൂം വലിയ വിവാദത്തിൽ അകപ്പെട്ടിരിന്നു. സൂമിലെ മീറ്റിംഗുകൾക്കിടയിൽ അശ്ലീല വീഡിയോകളും സന്ദേശങ്ങളും കടന്നുവരുന്നുവെന്ന പരാതിയുമായി ഉപയോക്താക്കൾ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയെ സമീപിച്ചിരുന്നു. ഒരേ സമയം കൂടുതൽ പേർക്ക് വിഡിയോ മീറ്റിംഗിൽ പങ്കെടുക്കാൻ സഹായിക്കുന്നതാണ് ഈ ആപ്.
ആപ്ലിക്കേഷൻ ഹാക്കിങ്ങിലൂടെ ചോർത്തിയ ഡേറ്റയും സ്വകാര്യ വിഡിയോകളും ഡാർക്ക് വെബിൽ വിൽക്കപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. പാസ്‌വേഡുകൾ, ഇമെയിലുകൾ, ഉപകരണ വിവരങ്ങൾ എന്നിവയുൾപ്പെടെ വെബ്‌ക്യാം മുതൽ മൈക്രോഫോൺ വരെ ലഭ്യമായിട്ടുള്ള എല്ലാ സംയോജിത ഡേറ്റയും ചോർത്തിയിട്ടുണ്ട്. ആപ്ലിക്കേഷന്റെ വൻ സുരക്ഷാവീഴ്ചയാണ് ഇത് കാണിക്കുന്നത്.
ഒരേ സമയം 100 പേരുമായിവരെ കോൾ ചെയ്യാം എന്ന ഓപഷ്നാണ് സൂമിനെ മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും വേറിട്ടു നിർത്തിയത്. 2019ൽ അവതരിപ്പിച്ചതാണെങ്കിലും കോവിഡ് കാലത്താണ് സൂം വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ എല്ലാവർക്കും ഉപകാരപ്പെടാൻ തുടങ്ങിയത്. വെറും ഒരു കോടി യൂസർമാർ മാത്രമുണ്ടായിരുന്നിടത്ത് നിന്ന് ഒരാഴ്ച കൊണ്ട് 6.2 കോടി യൂസർമാരായാണ് വർധിച്ചത്. നിലവിൽ 20 കോടിയിലധികമാണ് സൂമിന്റെ ഉപയോക്താക്കൾ. ഹ്യൂറൻ റിപ്പോർട്ട് പ്രകാരം, യു.എസ് ആസ്ഥാനമായുള്ള വിഡിയോ കോൺഫറൻസിങ് ആപ്പിൻെറ സ്ഥാപകനും സി.ഇ.ഒയുമായ എറിക് യുവാന്റെ മൊത്തം മൂല്യം 3.5 ബില്യൺ യു.എസ് ഡോളറിൽ നിന്ന് 8 ബില്യൺ യു.എസ് ഡോളറായി വർധിച്ചു. വമ്പൻ സാമ്പത്തിക മുന്നേറ്റം നടത്തിയ സൂം പക്ഷെ സുരക്ഷാ വീഴ്ചയെ തുടർന്നും വിവരങ്ങളുടെ ചോർച്ചയെ തുടർന്ന് വൻ വിവാദമാണ് നേരിട്ടത്. ആപ്പിനെതിരെ നിരവധി പരാതികൾ ലഭിച്ചുവെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയും സാക്ഷ്യപ്പെടുത്തിയിരുന്നു.