വിളനാശം യു.പി.യിൽ കർഷക മരണം 83കവിഞ്ഞു.

മുസാഫര്‍നഗര്‍: മഴയും ആലിപ്പഴവും കാലംതെറ്റിപ്പെയ്തത് ആ കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ക്കുമേലെയാണ്. പാകമായ വിളകള്‍ മഴപ്പെയ്ത്തില്‍ നശിച്ചതുകണ്ട് ഹൃദയം തകര്‍ന്ന് ഉത്തര്‍പ്രദേശില്‍ മൂന്ന് കര്‍ഷകരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ ഒരാള്‍ ജീവനൊടുക്കി. ദുര്‍ഗന്ദ്പുരിലെ സുഖ്ബീര്‍ (57), സിക്രിയിലെ റഷീദ് ഖാന്‍ (60), മോദ്പുര്‍ റെസിങ് ഗ്രാമത്തിലെ ഖേംചന്ദ് (75) എന്നിവരാണ് ശനിയാഴ്ച മരിച്ചത്. വിളനാശം കണ്ടുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് രാംകൃഷ്ണശര്‍മ സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ സ്വദേശി ശിവാജി അണ്ണ സുള്‍ (35) ആണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. പ്രതികൂല കാലാവസ്ഥകാരണം കൃഷിനശിച്ചതില്‍ മനംനൊന്ത് എണ്‍പതോളം കര്‍ഷകരാണ് അടുത്തിടെ യു.പി.യില്‍ ജീവനൊടുക്കുകയോ ഹൃദയാഘാതത്താല്‍ മരിക്കുകയോ ചെയ്തത്. എന്നാല്‍, 35 പേര്‍ എന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ കണക്ക്. കൃഷിനാശം മൂലമുള്ള മനോവിഷമമല്ല, മഴയും ഇടിമിന്നലും പോലുള്ള പ്രകൃതിക്ഷോഭങ്ങളാണ് മരണകാരണമെന്നാണ് സര്‍ക്കാറിന്റെ വാദം.
2014-ല്‍ രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ 26 ശതമാനം വര്‍ധിച്ചുവെന്നാണ് മാര്‍ച്ച് മൂന്നിന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. 1,109 ആത്മഹത്യകളാണ് ആ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ് -975.