കരുതൽ ഡോസ്; സ്വകാര്യ ആശുപത്രികൾക്ക് 150 രൂപ വരെ സ‍ർവീസ് ചാർജ് ഈടാക്കാമെന്ന് കേന്ദ്രം

ദില്ലി: പ്രായപൂർത്തിയായ മുഴുവൻ പേർക്കും കരുതൽ ഡോസ് നൽകുന്നതിൽ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. കരുതൽ ഡോസായി ആദ്യ രണ്ട് തവണ എടുത്ത വാക്സിൻ തന്നെ എടുക്കണം എന്നാണ് കേന്ദ്ര ആരോ​ഗ്.യമന്ത്രാലയം നിർദേശിക്കുന്നത്. എന്നാൽ കരുതൽ ഡോസ് എടുക്കാൻ പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല. വാക്സീൻ വിലക്കൊപ്പം പരമാവധി 150 രൂപ വരെയേ സർവീസ് ചാർജായി സ്വകാര്യ കേന്ദ്രങ്ങൾ ഈടാക്കാവൂയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.പതിനെട്ട് മുതൽ അൻപത്തി ഒൻപത് വയസ് വരെയുള്ളവർക്ക് നാളെ മുതൽ കരുതൽ ഡോസ് നൽകാനിരിക്കേ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി വിലയിരുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യവും പരിശോധിച്ചു. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേരളം, മഹാരാഷ്ട്ര, ദില്ലി, ഹരിയാന, മിസോറം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.

18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്സീൻ നൽകാനാണ് സർക്കാർ തീരുമാനം. ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് മൂന്നാം ഡോസ് അഥവാ കരുതൽ ഡോസ് വാക്സീൻ സ്വീകരിക്കാം. ആദ്യ രണ്ട് ഡോസ് വാക്സീൻ പോലെ കരുതൽ ഡോസ് അഥവാ ബൂസ്റ്റ‍ർ ഡോസ് വാക്സീൻ സൗജന്യമായിരിക്കില്ല. സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്സീനേഷൻ എന്നതിനാൽ പണം നൽകേണ്ടി വരും. രണ്ടാം ഡോസ് വാക്സീൻ എടുത്ത് ഒൻപത് മാസം പൂ‍ർത്തിയായ ശേഷം മാത്രമേ ബൂസ്റ്റ‍ർ ഡോസ് വാക്സീൻ സ്വീകരിക്കാൻ അനുമതിയുള്ളൂ.

Loading...

അതേസമയം സ‍ർക്കാർ ആരോ​ഗ്യകേന്ദ്രങ്ങൾ വഴിയുള്ള ഒന്ന്, രണ്ട് ഡോസ് വാക്സീനേഷനും മുതിർന്ന പൗരൻമാർക്കും ആരോ​ഗ്യപ്രവർത്തകർക്കും മുൻനിര കൊവിഡ് പോരാളികൾക്കും നൽകുന്ന ബൂസ്റ്റ‍ർ ഡോസ് വാക്സീനേഷനും തുടരും. മൂന്നാം ഡോസ് നിർബന്ധമാക്കിയ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവർക്ക് ബൂസ്റ്റർ ഡോസിനുള്ള അനുമതി ആശ്വാസമാകും. ചൈനയടക്കം വിവിധ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ബൂസ്റ്റർ ഡോസ് വിതരണം ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദർ ആവശ്യപ്പെട്ടിട്ടുണ്ട്.