പാലക്കാട്: മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ അബു താഹിര്‍ സിറിയയില്‍ അല്‍ ക്വയ്ദയ്‌ക്കൊപ്പം. പാലക്കാട് ഒലവക്കോട് സ്വദേശിയായ അബു താഹിറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന് കേന്ദ്ര ഏജന്‍സി നിര്‍ദേശം നല്‍കി. രണ്ടു മലയാളി യുവാക്കളെ ഐ.എസ്. റിക്രൂട്ട് ചെയ്തിരുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇടുക്കി, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇതിലൊരാള്‍ കൊല്ലപ്പെട്ടു.

പാലക്കാട് ഒലവക്കോട് സ്വദേശി അബു താഹിര്‍ അല്‍ ക്വയ്ദയുടെ പോഷകസംഘടനയായ അല്‍ നുസ്രയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വിവരം കേന്ദ്ര ഏജന്‍സികള്‍ നേരത്തേ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതനുസരിച്ച് രണ്ടു മാസം മുന്‍പ് യു.എസ്. നിയമ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയുടെ വിദേശ ഇന്റലിജന്‍സ് വിഭാഗമായ റോ ഡല്‍ഹിയില്‍ ഉന്നതതലയോഗം വിളിച്ചെങ്കിലും അന്നു ഡി.ജി.പിയായിരുന്ന കെ.എസ്. ബാലസുബ്രഹ്മണ്യം കേരളത്തില്‍ നിന്നു പ്രതിനിധിയെ അയച്ചില്ല. ഇതിനെതിരേ കേന്ദ്ര ഏജന്‍സികള്‍ ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. ഉംറ നിര്‍വഹിക്കാനെന്ന പേരില്‍ കഴിഞ്ഞ ജൂലൈയില്‍ ദോഹയില്‍ നിന്നു തിരിച്ച അബു താഹിര്‍ തുര്‍ക്കി വഴി സിറിയയില്‍ എത്തുകയായിരുന്നു.

Loading...

അല്‍ നുസ്രയുടെ ചാവേറാണു താനെന്ന് ഗള്‍ഫിലെ പാര്‍ട്ട്‌ടൈം ലേഖകനായ അബു താഹിര്‍ തുറന്നു സമ്മതിക്കുന്നു. തന്റെ കൂറ് അല്‍ ക്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയോടാണെന്ന് ഇയാള്‍ വ്യക്തമാക്കുന്നു. ഖിലാഫത്ത് കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താനടക്കം മൂന്നു പേര്‍ ഇന്ത്യയുടെ ജിഹാദി പ്രതീകങ്ങളാണെന്നും അയാള്‍ അവകാശപ്പെട്ടു. സിറിയയില്‍ തന്നോടൊപ്പം യുദ്ധം ചെയ്യുന്നവരുടെയും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും ചിത്രങ്ങള്‍ ഇയാളുടെ ഫെയ്‌സ്ബുക്ക് പേജിലുണ്ട്. അബു താഹിറിനെക്കുറിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടുകാര്‍ക്ക് അറിവില്ല. അടുത്തിടെ ഇയാള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലിടുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനോട് ഉപമിക്കുകയും ചെയ്തിരുന്നു.

കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയതോടെ അബു താഹിര്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പിന്‍വലിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ മതതീവ്രവാദ സംഘടനകള്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നതായി ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ പറഞ്ഞു.