നടിയെ ആക്രമിച്ച കേസ്; മാധ്യമ വാർത്തകൾ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാർത്തകൾ മുഴുവൻ തടയണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. മാധ്യമവാർത്തകൾ ഒക്കെ രഹസ്യ വിചാരണ എന്ന നിർദേശം ലംഘിക്കുന്നതാണെന്നും അത് തടയണമെന്നുമാണ് ദിലീപ് ആവശ്യപ്പെടുന്നത്.മാധ്യമ വിചാരണ നടത്തി തനിയ്ക്കെതിരെ ജനവികാരം ഉണ്ടാക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നുണ്ട്. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകുംവരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, കേസിൽ 5 പുതിയ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഫോൺവിളി വിശദാംശങ്ങളുടെ ഒറിജിനൽ രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യവും അംഗീകരിച്ചു. പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് വിസ്താരം വേഗത്തിൽ പൂർത്തിയാക്കണമെന്നും സർക്കാറിന് ഹൈക്കോടതി നിർദ്ദേശം നൽകി. അതേസമയം, മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി നിരസിച്ചു. മൂന്നു സാക്ഷികളുടെ പുനർ വിസ്താരത്തിന് അനുമതി നൽകിയതായി രാവിലെ കോടതി അറിയിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത ഉത്തരവിൽ നിന്ന് ഈ ഭാഗം ഒഴിവാക്കുകയായിരുന്നു.

Loading...