മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി.  ആദ്യ രണ്ട് മൽസരങ്ങളിൽ രോഹിത് ശർമയുടെ സെഞ്ചുറിയാണ് പാഴായതെങ്കിൽ ഇത്തവണ ആ യോഗം വിരാട് കോഹ്‌ലിക്കാണെന്നു മാത്രം. സ്കോർ ഇന്ത്യ- 6ന് 295, ഓസ്ട്രേലിയ 7ന് 296 (48.5 ഒാവർ). ജയത്തോടെ അഞ്ചു മൽസരങ്ങളുള്ള പരമ്പര 3–0ന് ഒാസീസ് സ്വന്തമാക്കി.  മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.

അർധസെഞ്ചുറി നേടിയ ഗ്ലെൻ മാക്സ്‌വെലാണ് (83 പന്തിൽ 96) കംഗാരുപ്പടയുടെ വിജയശിൽപി. കളിയിലെ കേമനും മാക്സ്‍വെൽ തന്നെ. മൂന്നാം ഏകദിനത്തിലും മികച്ച സ്കോറിലെത്താൻ കഴിഞ്ഞുവെന്നതു മാത്രമാണ് ഇന്ത്യയുടെ നേട്ടം. ഇടയ്ക്ക് കുറച്ചു നേരം ഓസീസിനെ പിടിച്ചുകെട്ടാൻ മാത്രം ഇന്ത്യൻ ബോളർമാർക്കു കഴിഞ്ഞുവെന്നതിലും ആശ്വസിക്കാം. ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, ഇഷാന്ത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Loading...

 

ജയിക്കാന്‍ 296 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ ഏഴ് പന്ത് ശേഷിക്കെയാണ് മത്സരം സ്വന്തമാക്കിയത്. ഒന്നാം ഏകദിനത്തില്‍ അഞ്ചും വിക്കറ്റിനും രണ്ടാം ഏകദിനത്തില്‍ ഏഴു വിക്കറ്റിനുമായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. ഏഴു ഫോറും രണ്ട് സിക്സറുകളും ഉൾപ്പെടെ 117 പന്തിൽ 117 റൺ‌സായിരുന്നു കോഹ്‌ലിയുടെ സംഭാവന. കോഹ്‌ലിയുടെ കരിയറിലെ 24-ാം സെഞ്ചുറിയും ഓസ്ട്രേലിയയ്ക്കെതിരെ നാലാമത്തേതുമാണിത്. 55 പന്തിൽ നാലു ഫോറുകളും ഒരു സിക്സറും ഉൾപ്പെടെ അജിങ്ക്യ രഹാനെ 50 റൺസെടുത്തു. 9 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും ഉൾപ്പെടെ 23 റൺസെടുത്ത് ധോണി പുറത്തായി.

 മറുപടി ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയ്ക്കായി ആരോൺ ഫിഞ്ച് (21) സ്റ്റീവ് സ്മിത്ത് (41), ജോർജ് ബെയ്‌ലി (23), ഷോൺ മാർഷ് (62) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അശ്വിനും മനീഷ് പാണ്ഡെയ്ക്കും പകരം റിഷി ധവാൻ, ഗുർകീരത്ത് സിങ് എന്നിവരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ മെൽബണിൽ ഇറങ്ങിയത്. വിരാട് കോഹ്‌‍ലി ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 7000 റൺസ് തികയ്ക്കുന്ന താരമായി. 161 ഇന്നിങ്സുകളിൾ നിന്നാണ് കോഹ്‌ലിയുടെ 7000 റൺസ് നേട്ടം. ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിന്റെ റെക്കോർഡാണ് കോഹ്‌ലി മറികടന്നത്.