കൊവിഡ് ബാധിതനാണെന്ന് മറച്ചുവെച്ചു;അമ്പത്തിനാലുകാരനെതിരെ കേസെടുത്തു

തിരുവനന്തപുരം: കൊവിഡ് ബാധിതനാണെന്ന കാര്യം മറച്ചുവെച്ച അമ്പത്തിനാലുകാരനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കൈതമുക്ക് സ്വദേശിക്കെതിരെയാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചിയൂര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ചെന്നൈയില്‍ നിന്നാണ് ഇയാള്‍ നാട്ടിലെത്തിയത്. കൊവിഡ് ബാധിച്ച ഇയാള്‍ ചെങ്കല്‍പ്പെട്ട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് രോഗം ഭേദമാകാതെ ഇയാള്‍ ഡിസ്ചാര്‍ജ് വാങ്ങി തിരുവനന്തപുരത്തുള്ള വീട്ടിലെത്തുകയും ചെയ്തു. എന്നാല്‍ ഇയാള്‍ രോഗവിവരവും ചികിത്സാ വിവരവും ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചെയ്തില്ല.

അതേസമയം കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരം കര്‍ശന നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. രോഗികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പത്തുദിവസത്തേക്കാണ് തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നഗരത്തിലെയടക്കമുള്ള ചന്തകളില്‍ കൂടുതല്‍ ആളുകളെത്തുന്നതിനാല്‍ ഇനി മുതല്‍ പകുതി കടകള്‍ വീതമായിരിക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുക.

Loading...

അതേസമയം ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള മാര്‍ക്കറ്റുകളിലും നിയന്ത്രണമുണ്ടാകും.ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാന്‍ ചാലയും പാളയവും ഉള്‍പ്പെടെയുളള ചന്തകളിലായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. പഴം,പച്ചക്കറി കടകള്‍ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ മാത്രമേ തുറക്കുകയുള്ളു. അതേസമയം തന്നെ ഉറവിടം കണ്ടെത്താനാവാത്ത കൊവിഡ് രോഗികളുടെ എണ്ണവും തിരുവനന്തപുരത്ത് വര്‍ധിച്ചിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് കൂടിയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.