സുരക്ഷാ ഭീഷണി: സെറം ഇൻസ്റ്റിറ്റിയൂട്ട് സിഇഒയ്ക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി

സെറം ഇൻസ്റ്റിറ്റിയൂട്ട് സിഇഒ അദാർ പൂനാവാലയ്ക്ക് സുരക്ഷാ ഭീഷണികൾ ഉയർന്നതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാണ കമ്പനികളിൽ ഒന്നാണ് സെറം ഇൻസ്റ്റിറ്റിയൂട്ട്. ഇതിന്റെ മേധാവിയായ അദാർ പൂനാവാലയ്ക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 16 ന് സെറം ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പ്രകാശ് കുമാർ സിംഗാണ് ആഭ്യന്തര മന്ത്രാലത്തിന് കത്ത് നൽകിയത്. കൊറോണ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് നിരവധി പേർ അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊറോണ മഹാമാരിയെ തകർക്കാനാണ് തങ്ങൾ പ്രയത്‌നിക്കുന്നത് എന്നാണ് കത്തിൽ പറഞ്ഞിരുന്നത്.

കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരാണ് പൂനാവാലയ്ക്ക് സുരക്ഷ നൽകുക. വൈ കാറ്റഗറി സുരക്ഷയിൽ ഒന്നോ രണ്ടോ കമാന്റോകളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 11 സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാകും. മെയ് 1 ന് രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കുത്തിവെപ്പ് ആരംഭിക്കാനിരിക്കെയാണ് തീരുമാനം.

Loading...

കേന്ദ്ര സർക്കാരിന് 150 രൂപയ്ക്കും സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും വാക്‌സിൻ നൽകാനാണ് കമ്പനി നിശ്ചയിച്ചിരുന്നത്. തുടർന്ന് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് 300 രൂപയ്ക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വാക്‌സിൻ നൽകുന്നതിൽ ലാഭമുണ്ടാക്കുന്നുവെന്നാരോപിച്ച് പൂനാവാലയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.