മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നഴ്‌സുമാര്‍ക്ക് വ്യാപകമായി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുംബൈയില്‍ 46 മലയാളി നഴ്‌സുമാര്‍ക്കാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്. 150 ല്‍ അധികം നഴ്‌സുമാര്‍ അവിടെ നിരീക്ഷണത്തിലുമുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ കൊറണ സ്ഥിരീകരിച്ചിരിക്കുന്നത് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ച് മലയാളി നഴ്‌സുമാര്‍ക്കാണ്.സുരക്ഷാ ഉപകരണങ്ങളില്ലാതെ ഇവര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നെന്ന പരാതിയും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ മഹാരാഷ്ട്ര, ഡല്‍ഹി മുഖ്യമന്ത്രിമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് ഈ വിഷയത്തില്‍ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...

സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതക്കുറവുള്ളത് കൊണ്ടാണ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം പകരാനിടയായതെന്നും നഴ്സുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളൊന്നും സ്വകാര്യ ആശുപത്രി പാലിക്കുകയുണ്ടായില്ലെന്നും സുരക്ഷാ കിറ്റുകളുടെ ലഭ്യത ഉറപ്പുവരുത്താൻ ഡൽഹി സർക്കാരിനോ കേന്ദ്രസർക്കാരിനോ കഴിഞ്ഞിട്ടില്ലെന്നും യുഎന്‍എ ഡല്‍ഹി പ്രസിഡന്റ് റിന്‍സ് ജോസഫ് പറയുന്നു.”വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനടക്കം കത്തെഴുതിയിരുന്നു. നടപടിയുണ്ടായില്ല. രോഗിക്ക് രോഗം സ്ഥിരീകരിച്ച് മറ്റ് രോഗികള്‍ക്ക് രോഗം പകര്‍ന്നതിന് ശേഷവും ജീവനക്കാരെ ക്വാറന്റൈന്‍ ചെയ്യാന്‍ ആശുപത്രി തയ്യാറായിരുന്നില്ല.

സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമൊന്നും സുരക്ഷാ കിറ്റുകള്‍ ലഭിക്കുന്നില്ല”. അടിയന്തിരമായി സ്വകാര്യ ആശുപത്രികളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടിയുണ്ടാകണമെന്നും ആവശ്യം ഉയർന്നു. ആശുപത്രി അധികൃരുടെ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് നേരത്തെയും പരാതി ഉയർന്നിരുന്നു.