വോട്ടെടുപ്പു പുരോഗമിക്കുന്ന ബംഗാളിൽ സിപിഐഎം സ്ഥാനാർത്ഥി ആക്രമിക്കപ്പെട്ടു

വോട്ടെടുപ്പു പുരോഗമിക്കുന്ന പശ്ചിമ ബംഗാളിൽ സിപിഐഎം സ്ഥാനാർത്ഥി ഉൾപ്പെടെ ആക്രമനത്തിനിരയായി. ഇന്ന് രാവിലെ സൽമോനിയായിലാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെന്ന് സിപിഐഎം ആരോപിച്ചു.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6.30വരെ നീളും. ബംഗാളിലെ ആദിവാസി മേഖല ഉൾപ്പെടുന്ന അഞ്ചു ജില്ലകളിലെ 73 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. നക്‌സൽ ഭീഷണി ശക്തമായിരുന്ന ജംഗൾ മഹൽ പ്രദേശം നേരത്തെ ഇടതു കോട്ടയായിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിക്കൊപ്പം നിന്നു. എന്നാൽ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ മേഖലയിലെ 6ൽ 5 സീറ്റും ബിജെപി നേടി. തീപാറുന്ന പോരാട്ടം നടക്കുന്ന ഇവിടം രാഷ്ട്രീയസംഘർഷങ്ങളാൽ കലുഷിതമാണ്. പോളിംഗ് തുടങ്ങുന്നതിന് തൊട്ടുമുൻപ് ഇവിടെ ബസ് കത്തിച്ചത് വാർത്തയായിരുന്നു. പോളിംഗ് ഉദ്യോഗസ്ഥരെ ബൂത്തിലാക്കി മടങ്ങിയ ബസാണ് കത്തിച്ചത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ബസ് ഡ്രൈവറുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Loading...