കൊറോണ ഭേദമായവരില്‍ വീണ്ടും വൈറസ്; ആശങ്കയോടെ ദക്ഷിണ കൊറിയ

സോള്‍: കൊറോണ വൈറസ് ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ പിന്നീട് വരാനുള്ള സധ്യത കുറവാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ച് അസുഖം ഭേദമായവരില്‍ വീണ്ടും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത് ആശങ്കയോടെയാണ് ദക്ഷിണ കൊറിയ വീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള രോഗം വീണ്ടും സ്ഥിരീകരിക്കാനുള്ള കാരണമെന്തെന്ന് അന്വേഷിക്കുകയാണ് അധികൃതര്‍. ഓരോ തവണയും ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് ആശങ്കയോടെയാണ് ആരോഗ്യവിദഗ്ധര്‍ നോക്കിക്കാണുന്നത്.രോഗം ഭേദമായവർക്ക് വീണ്ടും അണുബാധ ഉണ്ടാവുക, രോഗ നിർണയം നടത്തുന്നതിൽ പിഴവുകൾ ഉണ്ടാവുക തുടങ്ങിയ സാധ്യതയാണ് രോഗവിദഗ്ധർ മുന്നോട്ടുവെക്കുന്നത്.

141 പേരിലാണ് നിലവിൽ ഇത്തരം കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം സമൂഹം രോഗത്തിനെതിരെ പ്രതിരോധം ആർജിക്കാത്ത സാഹചര്യത്തിൽ ഇതിനുള്ള സാധ്യത കൂടുതലാകുമെന്നാണ് ഇവർ വിലയിരുത്തുന്നത്. രോഗനിർണയത്തിൽ പിഴവുണ്ടാകുക എന്നതിനർഥം പരിശോധനാവേളയിൽ വൈറസ് സാന്നിധ്യം തിരിച്ചറിയാൻ സാധിക്കാതെ പോകുന്നതാണ്.

Loading...

ചില സമയങ്ങളിൽ വൈറസ് സജീവാവസ്ഥയിൽ കാണപ്പെടാതിരിക്കുന്നതാണ് ഇതിന് കാരണം. രോഗിയുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം വീണ്ടും ദുർബലമാകുന്ന മുറയ്ക്ക് അത് വീണ്ടും പിടിമുറുക്കുകയാണ് ചെയ്യുന്നതെന്നും വിദഗ്ധർ അനുമാനിക്കുന്നു.അടുത്തിടെ ചൈന, അമേരിക്ക എന്നിവിടങ്ങളിൽ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ പ്രതിരോധ വ്യവസ്ഥയിൽ നിർണായകമായ ടി സെല്ലുകൾ എന്നറിയപ്പെടുന്ന ടി ലിംഫോസൈറ്റുകളെ കൊറോണ വൈറസ് തകരാറിലാക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയ ആളിൽ ഇതേ കാരണം കൊണ്ട് പ്രതിരോധ ശേഷി തകർന്നിരിക്കാനുള്ള സാധ്യത ഉള്ളതിനാൽ രോഗം വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാകുമെന്നാണ് കരുതുന്നത്.

ഇത്തരത്തിൽ വൈറസ് വീണ്ടും സ്ഥിരീകരിച്ചവരിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകർന്നതായി ഇതുവരെ ദക്ഷിണസ കൊറിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.48 മണിക്കൂറിനിടെ നടത്തുന്ന രണ്ട് പരിശോധനയിൽനെഗറ്റീവ് ആയെങ്കിൽ മാത്രമാണ് ഒരാൾ കൊറോണ ബാധയിൽ നിന്ന് മുക്തനായി എന്ന് അനുമാനിക്കുന്നത്. രോഗനിർണയത്തിന് ആർ.ടി- പിസിആർ എന്ന ടെസ്റ്റാണ് പരക്കെ ഉപയോഗിക്കുന്നത്. ഇതിന് 95 ശതമാനം കൃത്യതയാണ് ഉള്ളത്. ഇതിനർഥം രണ്ടുമുതൽ അഞ്ച് ശതമാനം വരെ ഫലങ്ങൾ തെറ്റാനുള്ള സാധ്യതയുണ്ടെന്നാണ് .