ദിലീപിനു ജാമ്യം ലഭിക്കാന്‍ സഹോദരന്‍ കോട്ടയത്ത് ക്ഷേത്രദര്‍ശനം നടത്തി

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ സഹോദരന്‍ നേര്‍ച്ചയുമായി കോട്ടയത്ത്. കോട്ടയം പൊന്‍കുന്നത്തിനു സമീപം ചെറുവള്ളിയിലുള്ള ജഡ്ജിയമ്മാവന്‍ കോവിലില്‍ നേര്‍ച്ച നടത്തി. ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അനൂപ് ക്ഷേത്രത്തിലെത്തിയത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം എത്തിയ അനൂപ് ജഡ്ജിയമ്മാവന്റെ പ്രീതിക്കായി അട വഴിപാടു കഴിച്ചു. പ്രത്യേക പ്രാര്‍ഥനകള്‍ക്കും പൂജകള്‍ക്കും ശേഷം രാത്രി പത്തരയോടെയാണ് ഇവര്‍ മടങ്ങിയത്. കഴിഞ്ഞദിവസം അനൂപിന്റെ സുഹൃത്ത് ക്ഷേത്രത്തിലെത്തി രസീത് എടുത്തിരുന്നു. ജാമ്യം ലഭിച്ചാല്‍ ഉടന്‍തന്നെ ദിലീപും ഇവിടെയെത്തുമെന്ന് ക്ഷേത്രം ഭാരവാഹികളെ അനൂപ് പറഞ്ഞു.