സഹോദരന്റെ വാക്കുകള്‍ ദിലീപിനു വിനയായി; സൈബര്‍ ക്വട്ടേഷനടക്കം പ്രചാരണങ്ങളെല്ലാം കോടതി ഗൗരവമായി കാണുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നില്‍ സഹോദരന്റെ വീരവാദവും. ദിലീപിന് ജാമ്യം നിഷേധിച്ചുണ്ടായ ഹൈക്കോടതി ഉത്തരവിന് നിരവധി തെളിവുകള്‍ ലഭിച്ചെന്നതിന്റെ ലക്ഷണങ്ങളാണ്. സഹോദരന്‍ അനൂപ് നടത്തിയ വീരവാദവും ദിലീപിനെ ന്യായീകരിക്കാനായി സൈബര്‍ സംഘങ്ങള്‍ നടത്തിയ പോസ്റ്റുകളുമെല്ലാം കോടതി ഗൗരവമായി എടുത്തുകഴിഞ്ഞു. പണം നല്‍കി പിആര്‍ ഏജന്‍സികള്‍ വഴി നടനെ അനുകൂലിച്ചും നടിയ്‌ക്കെതിരേ വ്യാപകമായ ആരോപണങ്ങള്‍ ഉന്നയിച്ചും ഫേസ്ബുക്കിലടക്കം നിരവധി പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പൊലീസ് അന്വേഷണത്തെ മറികടക്കാനായി താരം ശ്രമിക്കുന്നുവെന്ന ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു കോടതി വിധി.
ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപിനെതിരേ നില്‍ക്കുന്നവരാണെന്നും ദിലീപിനെ ഇല്ലാതാക്കാന്‍ നടത്തിയ കളിക്ക് പകരമായി ദിലീപ് പുറത്തിറങ്ങി കഴിഞ്ഞാല്‍ പുതിയ കളി തുടങ്ങുമെന്നുമായിരുന്നു ദിലീപിന്റെ സഹോദരന്‍ അനൂപ് ചാനലുകളോടു പറഞ്ഞത്. പണവും പിടിപാടുമുള്ള നടന്റെ സഹോദരന്‍ തന്നെ ഇങ്ങനെ ഭീഷണിയുമായി രംഗത്തെത്തിയത് അവഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.
അതേസമയം പിസി ജോര്‍ജ്ജില്‍ നിന്നും വലിയ പിന്തുണ ദിലീപിനു ലഭിച്ചതിനു പിന്നിലും ദുരൂഹതയുണ്ട്. പൊലീസ് അന്വേഷണത്തെ പോലും സ്വാധീനിക്കാന്‍ ദിലീപിന് ജയിലിനകത്തും സാധിക്കുന്നുണ്ടെന്നതിനു തെളിവാണിത്.