നടിയെ ആക്രമിക്കപ്പെട്ട കേസ്; ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നു?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയുടെ പുറത്ത് ഒത്തുതീര്‍പ്പിനു ശ്രമം നടക്കുന്നതായി ആക്ഷേപം. താനും നടനും നല്ല സുഹൃത്തുക്കളായിരുന്നെന്നും ചെറിയ ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും നടി പറയുന്നു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടനുമായി തനിക്ക് യാതൊരു വസ്തു, പണം ഇടപാടുകളുമില്ലെന്നും മാധ്യമങ്ങളോട് നേരില്‍ സംസാരിക്കുന്നതിനുള്ള മാനസികാവസ്ഥയില്ലെന്നും നടി നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഈ വിഷയത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ പോസ്റ്റ് ചെയ്തതല്ലെന്നും തനിക്ക് ട്വിറ്റര്‍, ഫെയസ്ബുക്ക് അക്കൗണ്ടുകളില്ലെന്നും നടി പറഞ്ഞു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ മറ്റുള്ളവരെ പോലെ ഞാനും ഞെട്ടലോടെയാണ് കാണുന്നത്. ഫെബ്രുവരി പതിനേഴിന് നടന്ന സംഭവത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. അന്നു നടന്ന സംഭവങ്ങള്‍ എല്ലാം തന്നെ പോലീസിനോട് പറഞ്ഞിട്ടുണ്ട്. പോലീസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
തനിക്ക് ആവശ്യമായ ധൈര്യം നല്‍കുന്ന ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയുണ്ട്. ഇനിയുമുണ്ടാകുമെന്നും കരുതുന്നതായും നടി പറഞ്ഞു.