ദിലീപിന് ലഭിക്കേണ്ടിയിരുന്ന സിനിമകളിലേക്ക് ജയറാമിനെയും ജയസൂര്യയെയും പരിഗണിക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന ദിലീപിന് ലഭിക്കേണ്ടിയിരുന്ന സിനിമകളിലേക്ക് ജയറാമിനും ജയസൂര്യയ്ക്കും ക്ഷണം. ജയിലിലായ ദിലീപ് ഉടനെ പുറത്തിറങ്ങില്ലെന്ന് സിനിമ മേഖലയിലും ചര്‍ച്ചകള്‍ സജീവമായതോടെയാണ് സംവിധായകര്‍ ഇത്തരം തീരുമാനത്തിലേക്ക് കടന്നതെന്ന് കരുതപ്പെടുന്നു. ഹൈക്കോടതിയില്‍ ജാമ്യം നിഷേധിക്കുകയും ജയില്‍വാസം നീളുകയും ചെയ്താല്‍ ദിലീപിന്റെ ജനപ്രിയ പട്ടം ജയറാമിനും ജയസൂര്യയ്ക്കുമായി തുറക്കപ്പെടും.
ദിലീപിന് നല്‍കിയ ഡേറ്റുകള്‍ കഴിയുന്നതും ദിലീപ് കേട്ട കഥകള്‍ പുറത്താകുന്നതുമെല്ലാം ഭയക്കുന്ന അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ പകരക്കാരെക്കുറിച്ച് ആലോചനയിലായിരുന്നു. ദിലീപിന് ലഭിച്ച റോളുകളില്‍ രണ്ടെണ്ണം ജയസൂര്യയിലേക്കും ഒന്ന് ജയറാമിലേക്കുമായി കൈമാറ്റപ്പെട്ടുകഴിഞ്ഞു. ദിലീപിനു ജാമ്യം ലഭിച്ചാല്‍ പോലും ചിത്രങ്ങളുടെ സ്വീകാര്യത സംശയമാണെന്ന് പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പറയുന്നു. ദിലീപിന്റെ ചിത്രം പ്രദര്‍ശനത്തിനെത്തിയാല്‍ തീയേറ്ററിനുള്‍പ്പെടെ ആക്രമണഭീഷണിയുണ്ടാകുമെന്ന് തീയേറ്റര്‍ ഉടമകളും സംശയിക്കുന്നുണ്ട്.
വര്‍ഷങ്ങളായി സിനിമ ഫീല്‍ഡില്‍ നിന്നും മാറി നിന്ന ജയറാമിലേക്ക് ഇനി നിരവധി റോളുകള്‍ ചെല്ലുമെന്ന് തീര്‍ച്ച. നടനെന്ന നിലയില്‍ ദിലീപിനെ കേവലം മിമിക്രി ആര്‍ട്ടിസ്റ്റില്‍ നിന്നും ഉയര്‍ത്തിയതില്‍ പ്രധാന പങ്ക് വഹിച്ച ആളാണ് ജയറാം.