കൊല്ലം: കൊല്ലം സീറ്റിൽ നടൻ മുകഷിനെ സ്ഥാനാർഥിയാക്കാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. ഈ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. പി.കെ.ഗുരുദാസൻ മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതോടെ കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നടൻ മുകേഷിനെ സിപിഎം പരിഗണിക്കുന്നത്.

പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ ആ ദൗത്യം ഏറ്റെടുക്കുമെന്ന് മുകേഷ് അറിയിച്ചതായാണ് സൂചനകൾ. കൊല്ലത്ത് മുകേഷിനുള്ള വിശാലമായ ബന്ധങ്ങൾ അദ്ദേഹത്തിന്റെ വിജയം ഉറപ്പിക്കും എന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്.

Loading...

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും, ജില്ലാ കമ്മിറ്റി യോഗത്തിലും കൊല്ലത്തേക്ക് രണ്ട് പേരുകളാണ് മുഖ്യമായും ഉയർന്നു വന്നത്. ദേശാഭിമാനി ലേഖകൻ ആർ.എസ്.ബാബുവിന്റേയും, നടൻ മുകേഷിന്റേയും. കോടിയേരി തന്നെയാണ് യോഗത്തിൽ മുകേഷിന്റെ പേര് നിർദേശിച്ചത്.

ആർ.എസ്.ബാബുവിനെതിരെ ചില നേതാക്കൾ എതിർപ്പുന്നയിക്കുകയും, മുകേഷിനായി ചില നേതാക്കൾ ശക്തമായി വാദിക്കുകയും ചെയ്തതോടെ മുകേഷിന്റെ സാധ്യത ശക്തമായിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായാണോ മുകേഷ് മത്സരിക്കുക എന്ന കാര്യത്തിലും ഇതിനോടകം ചർച്ചകൾ സജീവമാണ്. സിപിഐ സിപിഎം നേത്യത്വവുമായി അടുത്ത ബന്ധമുള്ള മുകേഷിന്റെ കുടുംബം ഉറച്ച സിപിഐ അനുഭാവികളാണ്.

അതേസമയം, ആറന്മുള മണ്ഡലത്തിൽ മാധ്യമപ്രവർത്തക വീണ ജോർജ് എൽഡിഎഫ് സ്ഥാനാർഥിയായേക്കും. കോന്നിയിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. സനൽകുമാർ സ്ഥാനാർഥിയായേക്കും. അൽപം മുൻപ് അവസാനിച്ച സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഈ നിർദേശങ്ങൾ സംസ്ഥാന നേതൃത്വത്തിനു മുന്നിൽ വച്ചത്. കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിൽ വി.കെ.സി.മമ്മദ് കോയ സിപിഎം സ്ഥാനാർഥിയാകും. നിലവിൽ കോഴിക്കോട് മേയർ ആണ് വികെസി. എ.മെഹബൂബിനെതിരെയുള്ള ജനവികാരം കണക്കിലെടുത്താണ് നടപടി.

തിരുവനന്തപുരത്തെ സിപിഎം സ്ഥാനാർഥികളുടെ പട്ടികയ്ക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്തും, വി.ശിവൻകുട്ടി നേമത്തും മൽസരിക്കും.

മറ്റു സ്ഥാനാർഥികളും മണ്ഡലങ്ങളും:

കാട്ടാക്കട – ഐ.ബി.സതീഷ്

വട്ടിയൂർക്കാവ് – ടി.എൻ.സീമ

ആറ്റിങ്ങൽ – ബി.സത്യൻ

വാമനപുരം – ഡി.കെ.മുരളി

വർക്കല – വി.ജോയി

നെയ്യാറ്റിൻകര – കെ.എ.ആൻസലൻ

അരുവിക്കര – അഡ്വ. എ.എ·.റഷീദ്

പാറശാല – സി.കെ.ഹരീന്ദ്രൻ