ജനങ്ങളും രക്തസാക്ഷികളും പ്രസ്ഥാനവും മാപ്പ് നൽകില്ല, പരാജയപ്പെടുത്താൻ ഹീന ശക്തികളുടെ ശ്രമം; തെറ്റു പറ്റിയവര്‍ തിരുത്തണമെന്ന് ജി സുധാകരന്‍

തെരഞ്ഞെടുപ്പ് വിജയത്തിൽ തടസം ഉണ്ടാക്കാൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സംസ്കാരത്തിന് യോജിക്കാത്ത പ്രവർത്തനങ്ങൾ ചില ഹീന ശക്തികൾ നടത്തിയെന്ന് ജി സുധാകരൻ. ഹീന ശക്തികൾ പോസ്റ്ററുകൾ പതിക്കുകയും കള്ളക്കേസുകൾ നൽകാനുള്ള ശ്രമങ്ങളും നടത്തുകയും ചെയ്‌തെന്നും സുധാകരൻ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേതൃത്വത്തെ ആദരിക്കലും അംഗീകരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത ഒരാളിനും പാർട്ടിയുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാകില്ലെന്നും പാർട്ടിയുടെ ഹൃദയം ജനങ്ങൾ ആണെന്നും ഓർക്കണമെന്നും അദ്ദേഹം കുറിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് വിജയിച്ച എച്ച് സലാമിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ജി സുധാകരന്റെ വിമർശനം.

ജി സുധാകരന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

Loading...

നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച പാർട്ടി ജില്ലാക്കമ്മിറ്റി അംഗവും സി.ഐ.റ്റി.യു ജില്ലാ പ്രസിഡന്റുമായ സ: എച്ച് സലാമിന് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു. ആലപ്പുഴ ജില്ലയിൽ വലതുപക്ഷ രാഷ്ട്രീയത്തിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഒന്നാമത്തെ മണ്ഡലമാണ് അമ്പലപ്പുഴ. രണ്ടാമത് ചെങ്ങന്നൂരും, മൂന്നാമത് ഹരിപ്പാടുമാണ്. ഈ മണ്ഡലത്തിൽ നിന്ന് 1987 ൽ ഞാൻ 124 വോട്ടിന് പരാജയപ്പെടുകയുണ്ടായി. അന്ന് പുന്നപ്ര വടക്ക് പഞ്ചായത്തിൽ എനിക്ക് 128 വോട്ട് കുറവായിരുന്നു. എന്നാൽ 2006 മുതൽ 2016 വരെയുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിലും യഥാക്രമം 12,000, 17,000 ഏകദേശം 23,000 വോട്ടുകൾക്ക് വിജയിക്കുകയുണ്ടായി.

ഈ പതിനഞ്ച് വർഷങ്ങളിൽ ഈ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഏകദേശം 7000 കോടി രൂപയുടേതാണ്. റോഡുകൾ, പാലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയ്ക്ക് പുറമെ പുന്നപ്ര സാഗര-സഹകരണ ആശുപത്രി, സഹകരണ എഞ്ചിനീയറിംഗ് കോളേജ്, എം.ബി.എ ഇൻസ്റ്റിറ്റ്യൂട്ട്, ഫിനിഷിംഗ് സ്കൂൾ, പുറക്കാട് സർക്കാർ ഐ.റ്റി.ഐ, കളർകോട് യൂണിവേഴ്സിറ്റി എം.ബി.എ ഇൻസ്റ്റിറ്റ്യൂട്ട്, അമ്പലപ്പുഴ ഗവ: കോളേജ്, പറവൂർ, കാക്കാഴം, നാലുചിറ, പുറക്കാട്, എസ്.എൻ.എം ഹൈസ്കൂളുകൾ, അമ്പലപ്പുഴ മോഡൽ ഹയർസെക്കന്ററി സ്കൂൾ, കുഞ്ചുപിള്ള സ്മാരക സ്കൂൾ, ആലപ്പുഴ ടൗണിലെ മുഹമ്മദൻസ് സ്കൂൾ, ടി.ഡി സ്കൂൾ, ഗവ: ഗേൾസ് സ്കൂൾ, സെന്റ് ആന്റണീസ് സ്കൂൾ, മുഹമദൻസ് സ്കൂളുകൾ, ലജനത്ത് മുഹമദിയ സ്കൂൾ, തിരുവമ്പാടി സ്കൂൾ, അറവുകാട് സ്കൂൾ, എന്നിവിടങ്ങളിലെ ഹയർ സെക്കന്ററി സ്കൂളുകൾ, ദന്തൽ കോളേജ്, നേഴ്സിംഗ് കോളേജ്, ഡി ഫാം കോളേജ് തുടങ്ങിയ കോളേജുകൾ എന്നിവയെല്ലാം ഈ കാലത്ത് സ്ഥാപിക്കപ്പെട്ടു.

മണ്ഡലം എമ്പാടും ഉന്നത നിലവാരത്തിലുള്ള റോഡുകളും പാലങ്ങളും കൊണ്ട് നിറഞ്ഞു. 30 വർഷം ആയുസ്സുള്ള വൈറ്റ് ടോപ്പിംഗ് റോഡുകൾ നിർമ്മാണം ആരംഭിച്ചു. ആലപ്പുഴയുടെ മുഖച്ഛായ മാറി. ആലപ്പുഴ കനാൽ നവീകരണം ആരംഭിച്ചു. മൊബിലിറ്റി ഹബ് നിർമ്മിക്കാൻ നടപടികൾ തുടങ്ങി. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും വലിയ നിലയിലുള്ള പേ-വാർഡുകൾ നിർമ്മിക്കാൻ തറക്കല്ലിട്ടു. ചരിത്രത്തെ സാക്ഷിനിർത്തി അരനൂറ്റാണ്ടിന്റെ സ്വപ്നമായിരുന്ന ആലപ്പുഴ ബൈപ്പാസ് സാക്ഷാത്കരിച്ചു.

ജനങ്ങളുടെ സ്നേഹവും, ആദരവും, വിശ്വാസവും ആഴത്തിൽ വേരോടി. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണന ഇല്ലാതെ ഏവരും ഒറ്റക്കെട്ടായി പിണറായി സർക്കാരിന്റെ വികസന നയത്തിന് പിന്നിൽ അണിനിരന്നു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ശക്തമായ പിന്തുണ അമ്പലപ്പുഴയുടെ വികസനത്തിന് ശക്തമായ കൈതാങ്ങായി. ഈ മണ്ഡലത്തിൽ പാർട്ടിയുടെ മാനദണ്ഡം അനുസരിച്ച് 2021 ലെ തെരഞ്ഞെടുപ്പിൽ സ: എച്ച്.സലാമിനെ സ്ഥാനാർത്ഥിയാക്കാനും ആലപ്പുഴയിൽ സ: പി പി ചിത്തരഞ്ജനെ സ്ഥാനാർത്ഥിയാക്കാനുമുള്ള അഭിപ്രായം പാർട്ടിയെ ഉചിതമായ വിധത്തിൽ അറിയിച്ചു. ശക്തമായ മത്സരത്തിലൂടെ ഇരുവരും നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു വന്നത് അത്യധികം സന്തോഷം നൽകുന്നതാണ്.

പിണറായി സർക്കാരിന്റെ ഭരണത്തിന്റെ മികവിലാണ് ഈ വിജയങ്ങൾ ഉണ്ടായത്. അതിൽ പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും കാലോചിതമായ നവീകരണ ദൈൗത്യങ്ങളും ധനകാര്യ വകുപ്പ് നൂതന സങ്കേതങ്ങളിലൂടെ ഉറപ്പാക്കിയ ധനലഭ്യതയും ഏവരുടെയും പിന്തുണ പിടിച്ച് പറ്റി. ആ ബലം വിജയത്തിന് അടിത്തറപാകി. സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ ബന്ധങ്ങളും എൽ.ഡി.എഫ് ന്റെ ശക്തമായ പ്രവർത്തനവും വിജയത്തിന് ശക്തികൂട്ടി.

സി.പി.ഐ(എം) ജില്ലാ സെക്രട്ടറി സ: ആർ.നാസറും, സെക്രട്ടറിയേറ്റ് അംഗം സ: കെ.പ്രസാദും, പാർട്ടി സെക്രട്ടറിമാരായി പ്രവർത്തിച്ച സ: എ ഓമനക്കുട്ടൻ, സ: സി ഷാംജി, സ: അജയൻ എന്നിവരും സി.പി.ഐ നേതാക്കളായ അഡ്വ: മോഹൻദാസ്, സ: ഇ.കെ.ജയനും മറ്റ് ഇടതുപക്ഷ നേതാക്കളും ശക്തമായ നേതൃത്വം നൽകി. പാർട്ടി ഏരിയാക്കമ്മറ്റികളും, ഇലക്ഷൻ കമ്മറ്റിയും മാതൃകാപരമായി പ്രവർത്തിച്ചു.
പ്രാദേശിക സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംഭാവന എടുത്ത് പറയേണ്ടതുണ്ട്. ബൂത്ത് കമ്മറ്റികളും മേഖല കമ്മറ്റികളും വിജയത്തിന് ഊടും പാവും നൽകി. സി.പി.ഐയുടെ എല്ലാ കമ്മറ്റികളും മറ്റ് ഘടക കക്ഷികളും വലിയ സംഭാവനകൾ നൽകി. കൂട്ടായ പ്രവർത്തനത്തിലൂടെ വിജയം നേടിയെടുത്തു.

ബഹു: മുഖ്യമന്ത്രി സ: പിണറായി വിജയൻ, സ: എസ്.രാമചന്ദ്രൻപിള്ള, സ: പ്രകാശ് കാരാട്ട്, സ: എം.എ ബേബി തുടങ്ങിയ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ നടത്തിയ പ്രചരണങ്ങൾ വിജയത്തിന് ആധികാര്യത നൽകി. സ: തോമസ് ഐസക്കും അമ്പലപ്പുഴയിൽ പ്രചാരണത്തിന് എത്തി. ആലപ്പുഴയിൽ സ: ജി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഇലക്ഷൻ പ്രവർത്തനം നടന്നത്.

തെരഞ്ഞെടുപ്പ് വിജയത്തിന് തടസ്സമുണ്ടാക്കാൻ പല ഹീന ശക്തികളും പ്രവർത്തിച്ചു. തൊഴിലാളി വർഗ്ഗത്തിന്റെ സംസ്കാരത്തിന് നിരക്കാത്ത പോസ്റ്ററുകൾ പതിക്കപ്പെട്ടു. കള്ള കേസുകൾ നൽകാനുള്ള ശ്രമങ്ങൾ ഉണ്ടായി. ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിധരിപ്പിച്ച് പൊളിറ്റിക്കൽ ക്രിമിനലിസം നിറഞ്ഞ ഹീനമായ വാർത്തകൾ നൽകപ്പെട്ടു. അവയെല്ലാം തുറന്ന് കാട്ടാൻ ശ്രമിച്ചു. അതിന് കേരളത്തിലെ ജനങ്ങളാകെ പിന്തുണച്ചു. എല്ലാ വിഭാഗങ്ങളും നമുക്ക് വോട്ട് ചെയ്തു. എല്ലാ നല്ലവരായവരെയും കോർത്തിണക്കി ഹീന ശക്തികളെ ഒഴിവാക്കി വികസന തുടർച്ച നടപ്പാക്കി പിണറായി സർക്കാരിന്റെ മാതൃക ഉർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാൻ കഴിയും. അതിനായി നാം ഒറ്റക്കെട്ടായി നീങ്ങുക. ജനങ്ങളുടെതാണ് ഈ പാർട്ടി. ജനങ്ങളെ എന്നും ബഹുമാനിച്ച് പ്രവർത്തിക്കുന്ന നമ്മുടെ പാർട്ടിയുടെ അച്ചടക്കവും അന്തസ്സും കീഴ്മേൽ ബന്ധങ്ങളും നേതൃത്വത്തെ ആദരിക്കലും അംഗീകരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത ഒരാളിനും പാർട്ടിയുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാകില്ല. പാർട്ടിയുടെ ഹൃദയം ജനങ്ങൾ ആണെന്നും ഓർക്കണം. ജനങ്ങളും രക്തസാക്ഷികളും പ്രസ്ഥാനവും മാപ്പ് നൽകില്ല. തെറ്റി പറ്റിയവർ തിരുത്തി യോജിച്ച് പോകുക. അതായിരിക്കണം നമ്മുടെ പാർട്ടിയുടെ വിജയത്തിന്റെ സന്ദേശം.
സംസ്ഥാനത്ത് നേടിയ അത്യുജ്വലമായ വിജയം പിണറായി സർക്കാരിനും ബഹു: മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് നും ചരിത്രത്തിൽ തിളങ്ങുന്ന സ്ഥാനം നൽകിയിരിക്കുന്നു. ആലപ്പുഴയിൽ 9 ൽ 8 സീറ്റ് നേടുമെന്ന് സ: എച്ച് സലാമിന്റെ കൺവെൻഷനിൽ അധ്യക്ഷ പ്രസംഗം നടത്തവെ – സ: എസ്.ആർ.പിയുടെ സാന്നിദ്ധ്യത്തിൽ പ്രഖ്യാപിച്ചത് ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. പ്രവർത്തിച്ച എല്ലാവർക്കും നയിച്ച എല്ലാവർക്കും വോട്ട് ചെയ്ത എല്ലാ ബഹു ജനങ്ങൾക്കും വിജയിച്ച സലാമിനും വിപ്ലവാഭിവാദ്യങ്ങൾ..