പെണ്‍കുട്ടികളെ രാത്രി എന്തിന് ബീച്ചിലേക്ക് വിട്ടു: ബലാത്സംഗക്കേസില്‍ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി

പനാജി: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ഗോവ കടപ്പുറത്ത് കൂട്ട ബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയ പ്രതികരണം വിവാദത്തില്‍. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നതിന് തെളിവായി ഈ സംഭവം പ്രതിപക്ഷമായ കോണ്‍ഗ്രസ് നിയമസഭയില്‍ ഉന്നയിച്ചു. ഇതിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി വിവാദ പ്രതികരണം നടത്തിയത്. കുട്ടികള്‍ എന്തിനാണ് രാത്രി ബീച്ചില്‍ പോയത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. രക്ഷകര്‍ത്താക്കളെ കുറ്റപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. കുട്ടികള്‍ രാത്രി പുറത്തിറങ്ങിപ്പോകുമ്ബോള്‍ രക്ഷിതാക്കള്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

10 കുട്ടികള്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയി. ആറ് പേര്‍ കുറച്ച്‌ നേരം കഴിഞ്ഞു തിരിച്ചുപോന്നു. നാല് പേര്‍ ബീച്ചില്‍ തന്നെ തുടര്‍ന്നു. രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും. അവര്‍ രാത്രി മൊത്തം ബീച്ചില്‍ കഴിഞ്ഞു. അപ്പോഴാണ് വിവാദമായ സംഭവം നടന്നത്. 4 പേരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രി മുഴുവന്‍ കുട്ടികള്‍ ബീച്ചില്‍ കഴിയുമ്ബോള്‍ രക്ഷിതാക്കള്‍ ചിന്തിക്കണം. എല്ലാ ഉത്തരവാദിത്തവും പോലീസിനും സര്‍ക്കാരിനുമെതിരെ ചുമത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോവ ആഭ്യന്തര വകുപ്പ് ചുമതല മുഖ്യമന്ത്രി പ്രമോദ് സാവന്തിനാണ്.

Loading...

കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ രക്ഷിതാക്കള്‍ക്കാണ് ചുമതല. കുട്ടികളെ രാത്രി പുറത്തുപോകാന്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാത്രിയില്‍ അക്രമികള്‍ അഴിഞ്ഞാടുകയാണ്. എങ്ങനെ ധൈര്യത്തോടെ രാത്രി പുറത്തിറങ്ങും. ക്രിമിനലുകളെ ജയിലിലടയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അല്‍ട്ടണ്‍ ഡികോസ്ത പറഞ്ഞു. പൗരന്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വന്നാല്‍ സര്‍ക്കാരിനെ അല്ലാതെ ആരെയാണ് കുറ്റപ്പെടുത്തുക എന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി എംഎല്‍എ വിജയ് സര്‍ദേശായി പറഞ്ഞു.