അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. 31 ജില്ലാ പഞ്ചായത്തുകളിൽ 22 എണ്ണം സ്വന്തമാക്കി കോൺഗ്രസ് സംസ്ഥാനത്ത് ശക്തമായ തിരിച്ചുവരവ് നടത്തി. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 31 ൽ‌ 30 ജില്ലാപഞ്ചായത്തുകളും ബിജെപി സ്വന്തമാക്കിയ സ്ഥാനത്താണിത്. നഗരപ്രദേശങ്ങളിൽ ബിജെപി ആധിപത്യം നിലനിർത്തിയപ്പോൾ ഗ്രാമീണ മേഖല കോൺഗ്രസിനൊപ്പം നിന്നു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 12 വർഷം ഗുജറാത്തിൽ കോൺഗ്രസിന് ശക്തി പ്രകടിപ്പിക്കാൻ സാധിച്ചിരുന്നില്ല. മോദി പ്രധാനമന്ത്രിയായതിനു പിന്നാലെ ഗുജറാത്തിൽ നടത്തിയ മുന്നേറ്റം ജനങ്ങൾ ബിജെപി സർക്കാരിനെതിരെ നടത്തിയ വിധിയെഴുത്താണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ആനന്ദി ബെൻ പട്ടേൽ മുഖ്യമന്ത്രിയായതിനു ശേഷം നടന്ന പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകളിൽ ഒന്നാണിത്.

Loading...

അതേസമയം, തിരഞ്ഞെടുപ്പ് നടന്ന ആറു കോർപറേഷനുകളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. 56 മുനിസിപ്പാലിറ്റികളിൽ 36 എണ്ണത്തിലും ബിജെപിയാണ് മുന്നിൽ. കോൺഗ്രസ് ഒൻപതെണ്ണത്തിലും. കഴിഞ്ഞ തവണ കോൺഗ്രസിന് ആറ് സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. 230 താലൂക്ക് പഞ്ചായത്തുകളിലായി 4778 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 2204 സീറ്റിൽ കോൺഗ്രസും 1798 സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നു.