ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി ഇല്ല

കൊച്ചി. ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം നിലനില്‍ക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ പിവി ജിതേഷ് ആണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി ഇല്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും എതിരാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി. ഗവര്‍ണറുടെ നടപടി ഏകാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനാ നിര്‍മാണസഭയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്. ചില രാഷ്ട്രീയ അജന്‍ഡകളോടു കൂടിയതാണ് ഗവര്‍ണറുടെ നടപടികള്‍. നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിടേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ് ഹര്‍ജിയില്‍ പറയുന്നു.

Loading...