മുസ്ലീം രോഗികള്‍ക്ക് കൊറോണ നെഗറ്റീവായാല്‍ മാത്രം ചികിത്സ;ആശുപത്രി മാപ്പ് പറഞ്ഞു

മീററ്റ്: മുസ്ലീംരോഗികള്‍ക്ക് ചികിത്സ നല്‍കണമെങ്കില്‍ കൊവിഡ് ഫലം നെഗറ്റീവ് ആകണമെന്ന് പറഞ്ഞ ആശുപത്രി ഒടുവില്‍ മാപ്പ് പറഞ്ഞു. മീററ്റിലെ വലന്റിസ് ആശുപത്രിയാണ് മാപ്പ് പറഞ്ഞത്. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിക്കാനുള്ള ആഹ്വാനമായിരുന്നു പരസ്യമെന്നാണ് ആശുപത്രിയുടെ വിശദീകരണം. ആരുടെയും മതവികാരത്തെ മുറിപ്പെടുത്താന്‍ ലക്ഷ്യമിട്ടില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് ആശുപത്രി വ്യക്തമാക്കിയത്.

സംഭവം വിവാദമായതോടെയാണ് ആശുപത്രി മാപ്പ് പറയാന്‍ തയ്യാറായത്. വിഷയത്തില്‍ മീററ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മുസ്‌ളീംങ്ങളായ രോഗികളും അവരുടെ ഒപ്പം വരുന്നയാളും കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആണെന്ന് രേഖ കാണിച്ചാല്‍ മാത്രമേ ചികിത്സ നല്‍കൂ എന്ന് വ്യക്തമാക്കി വെള്ളിയാഴ്ചയാണ് ആശുപത്രി പത്ര പരസ്യം നല്‍കിയത്.ദില്ലിയില്‍ നടന്ന തബ്ലീഗ് ജമാഅത്ത് മതസമ്മേളനമാണ് രാജ്യത്ത് വൈറസ് പടര്‍ത്തിയതെന്നും ആശുപത്രി ആരോപിച്ചിരുന്നു.

Loading...

രോഗിയെ കൂടാതെ കൂടെ എത്തുന്നവരും കൊവിഡ് ബാധിച്ചിട്ടില്ലെന്ന പരിശോധനാഫലവുമായി എത്തിയില്ലെങ്കില്‍ ആശുപത്രി അവരെ സ്വീകരിക്കില്ലെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 17ന് വന്ന പരസ്യത്തില്‍ എന്തെങ്കിലും അടിയന്തര സാഹചര്യത്തില്‍ വരുന്ന രോഗിയാണെങ്കില്‍ ആശുപത്രി അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുമെന്നും അതിന് 4,500 രൂപ ഈടാക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. 11 പോയിന്റുകള്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രി പത്രത്തില്‍ പരസ്യം നല്‍കിയത്.എന്നാൽ ഒരു മതേതരരാജ്യത്ത് ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.

അത്തിരത്തിലുള്ള ഒരു പരസ്യം നല്‍കിയതിന് ആശുപത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജയ്പ്രകാശം ദി ഹിന്ദുവിനോട് പറഞ്ഞു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വിശ്വസനീയമായ ഒരു മറുപടി ലഭിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഏതായാലും സംഭവം വിവാദമായതോടെയാണ് മാപ്പ് പറഞ്ഞ് ആശുപത്രി രംഗത്ത് എത്തിയിരിക്കുന്നത്.