എല്ലാ വര്‍ഷവും നന്മയുടെ പുതുവര്‍ഷം നാം ആശംസിക്കാറുണ്ടല്ലൊ! പൊലീസില്‍ പരാതി നല്‍കുവാന്‍ പോയ ഒരു ദളിത് കുടുംബത്തിന്റെ ചിത്രമാണിത്. 2015ന്റെ ഒരു ദുരന്തമുഖമാണീ ചിത്രം. ഇന്ത്യയിലേ മേൽ ജാതിക്കാർ നൂൽ ബന്ധമില്ലാതെ നഗ്നയാക്കി ലോക സമൂഹത്തിനുമുന്നിൽ പ്രദർശിപ്പിച്ച താഴ്ന്ന ജാതിക്കാരനും ഭാര്യയും. ഈ ചിത്രത്തിലൂടെ ലോകം ഇന്ത്യയേ അളന്നു. dadri-dalit-family നമുക്ക് എന്തു നേട്ടം ഉണ്ടെന്നു പറഞ്ഞാലും ശരി ഇത്തരം കോട്ടങ്ങൾ എല്ലാം നിഷ്പ്രഭമാക്കും. കഴിഞ്ഞ വര്‍ഷത്തെ നന്മയുടെ ഒരു നേര്‍ക്കാഴ്ചയാണ് താഴെ കാണുന്നത്. നാണം മറക്കാന്‍ ഒരു സഹോദരിക്ക് സ്വന്തം കുട്ടിയെ ഉടുക്കേണ്ട അവസ്ഥ. കൂടെ നിസ്സഹായനായി നില്‍ക്കുന്ന ആ ഭര്‍ത്താവിന്റെ ഗതികേടുണ്ടല്ലൊ. ജീവിതത്തിലൊരിക്കലും അങ്ങനെയൊന്ന് സ്വപ്നം കാണാനാനുളള ധൈര്യം പോലും നമുക്കാര്‍ക്കും ഉണ്ടാവില്ല. ഇത്തരം ചിത്രങ്ങള്‍ 2016ല്‍ കാണാനിട വരരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന. ഗതികേടുകള്‍ എല്ലാവര്‍ക്കും ഒരു പോലെയാണ്. എനിക്കും, നിങ്ങള്‍ക്കും, അവര്‍ക്കും. ചങ്കില്‍ തറക്കുന്ന ഇത്തരം കാഴ്ചകള്‍ ഇല്ലാത്ത ഒരു പുതുവര്‍ഷം ആശംസിക്കട്ടെ. പുരോഗതിയുടേയും, പരസ്പര സാഹോദര്യത്തിന്റേയും, ഒരു നല്ല 2016.
 delhi-rape
കണ്ടു പഴകിയത് കൊണ്ടാവും നമുക്കിതൊക്കെ വെറും കാഴ്ചകള്‍ മാത്രമായത്. ഗര്‍ഭ പാത്രത്തില്‍ ജാക്കി ലിവറിന്റെ രുചിയറിഞ്ഞ ഡല്‍ഹി പെണ്‍കുട്ടി ജ്യോതി സിങ്ങിന്റെ കേസ് വിചാരണയും, ജീവിക്കാനൊരിടം തേടിയുള്ള പരക്കം പാച്ചിലില്‍ എപ്പൊഴൊ അമ്മയുടെ കൈവിരലില്‍ നിന്നുയര്‍ന്നു പോയി കടലിലെ കൊച്ചോളങ്ങളങ്ങളില്‍ തളര്‍ന്നുറങ്ങിയ സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദ്ദിയും അങ്ങനെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഷെയറുകള്‍ ആയി.
ayala-kurdi
ഒരാളുടെ സ്വഭാവവും രീതികളും അറിയണമെങ്കില്‍ അയാളുടെ സുഹൃത്തുക്കളെ നോക്കിയാല്‍  മതിയത്രെ. അങ്ങിനെയെങ്കില്‍ പോയ വര്‍ഷത്തെ അസുര ദൃശ്യങ്ങള്‍ നമുക്ക് കാട്ടിത്തരുന്നതെന്താണ്?  ആശംസകളുമായി ഒരിക്കലും പൊരുത്ത പെടാത്ത ജീവിതവും, ചുറ്റുപാടുകളും ആണ് നമ്മുടേതെന്നല്ലെ?
chennai-flood
എത്ര പേര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു, ആളോഹരി എത്ര കാര്‍ എ സി ഫ്രിഡ്ജ്, ഫേസ് ബുക്ക് ട്വിറ്റര്‍ തുടങ്ങിയവയിലെ അംഗത്വം ഇവയൊക്കെ തന്നെയാണ് കഴിഞ്ഞ വര്‍ഷവും രാജ്യത്തിന്റെ വളര്‍ച്ചയുടെ മാനദണ്ഡമായിരുന്നത്. ആ കണക്കെടുപ്പിനിടയില്‍ ഈ കാഴ്ചകള്‍ ആര്‍ക്ക് കൊളളാന്‍.
rape-juvenile-delhi
അതിക്രൂരമായ കുറ്റം ചെയ്തവന്‍ വയസിനിളതാണെങ്കില്‍ കല്‍തുറങ്കിന്റെ കോട്ട വാതില്‍ തുറന്നു തന്നെ കിടക്കും എന്നും നമ്മള്‍ പോയ വര്‍ഷം പഠിച്ചു. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കുടിലതക്ക് മുന്നില്‍ എന്നത്തേയും പോലെ ഉദ്യോഗസ്ഥ വൃന്ദം തല കുനിച്ചപ്പോള്‍ 2015ല്‍ പ്രതിഷേധിച്ചത് പ്രകൃതി തന്നെയായിരുന്നു.
chennai
അനധികൃത നിര്‍മ്മാണം മൂലം നീരൊഴുക്ക് തടസ്സമായപ്പോള്‍ മദിരാശി പട്ടണം വെള്ളം കുടിച്ചതിന്റെ സ്‌നാപ്പുകളും വൈറലായി.
 പറയാതെ പോയ ഒരു ഉള്‍കാഴ്ച കൂടിയുണ്ട്. ഇപ്പറഞ്ഞതെല്ലാം മനുഷ്യ സൃഷ്ടി ആയിരുന്നു എന്ന്.