‘ഭരണഘടനയിൽ പൂർണവിശ്വാസം,ദേശസ്‌നേഹത്തിന് ആർഎസ്എസ് സർട്ടിഫിക്കറ്റ് വേണ്ട’

ബിജെപി സർക്കാരിന്റെ പോലീസ് ഭീകരതയ്ക്കും, വിദ്യാർത്ഥി വിരുദ്ധ നിലപാടിനുമെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷൻ കന്നയ്യകുമാർ നടത്തിയ പ്രസംഗിച്ച പ്രസംഗം പുറത്തുവന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലാകുന്നതിന് തൊട്ട് മുൻപ് അവസാന പ്രസംഗത്തിൽ ആർഎസ്എസിനും ബിജെപിക്കുമെതിരെ ശക്തമായ ഭാഷയിലാണ് കന്നയ്യകുമാർ സംസാരിക്കുന്നത്. ഫെബ്രുവരി 9ന് നടന്ന വധശിക്ഷാ വിരുദ്ധ പരിപാടി ദേശദ്രോഹപരമാണെന്ന എബിവിപി പ്രചരണത്തിനെതിരെ ക്യാമ്പസിൽ സംഘടിപ്പിച്ച യോഗത്തിലായിരുന്നു കുമാറിന്റെ പ്രസംഗം. പ്രസംഗത്തിൽ വിവാദ പരിപാടിയിൽ നടന്നതെന്താണെന്നും കുമാർ പറയുന്നുണ്ട്. വിദ്യാർത്ഥികൾ ഭരണഘടനയിൽ അടിയുറച്ച് വിശ്വസിച്ച് രാജ്യത്തിനായി അണിനിരക്കണമെന്നും ആഹ്വാനമുണ്ട്. പ്രസംഗത്തിന് ശേഷം മണിക്കൂറുകൾക്കകം കുമാറിനെ ഹോസ്റ്റൽ വളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.

അവസാനപ്രസംഗത്തിലും ബിജെപി സർക്കാരിന്റെ പോലീസ് ഭീകരതയ്ക്കും, വിദ്യാർത്ഥിവിരുദ്ധ നിലപാടിനുമെതിരെ ശക്തമായ ഭാഷയിലാണ് കുമാർ പ്രസംഗിച്ചത്. ആർഎസ്എസിന്റെ മേധാവിത്വത്തിനും കാവിവത്കരണത്തിനും എതിരെയും കുമാർ ശബ്ദമുയർത്തുന്നുണ്ട്. തങ്ങൾക്ക് ആർ എസ്എസിന്റെ ദേശസ്‌നേഹ സർട്ടിഫിക്കറ്റ് വേണ്ട. ജെഎൻയുവിലെ പരിപാടിയിൽ ചിലർ ഉയർത്തിയ ചില മുദ്രാവാക്യങ്ങൾ അപലപനീയമാണെന്നും കുമാർ പറഞ്ഞു. ഇടതുപക്ഷ പ്രവർത്തകരോ, യൂണിയൻ നേതാക്കളോ ഈ മുദ്രാവാക്യങ്ങൽ ഉയർത്തിയിട്ടില്ലെന്നും കുമാർ പറയുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ തങ്ങൾക്ക് പൂർണ വിശ്വാസമാണ്, എല്ലാ വിദ്യാർത്ഥികളും രാജ്യത്തിന്റെ ഐക്യത്തിനും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും രംഗത്തിറങ്ങണമെന്നും കുമാർ പറയുന്നുണ്ട്.

Loading...

ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ മുന്നോട്ടുപോകാനും കുമാർ പ്രസംഗത്തിൽ ആഹ്വാനം ചെയ്യുന്നുണ്ട്. പ്രസംഗത്തിനിടെ തന്നെ ഫോണുയർത്തിക്കാട്ടിക്കൊണ്ട്, തന്റെ അമ്മയെ എബിവിപി നേതാക്കൾ തെറി വിളിക്കുന്ന വീഡിയോ രേഖകളുണ്ടെന്നും പറയുന്നു. എബിവിപി വിളിക്കുന്ന മുദ്രാവാക്യത്തിലെ ഭാരത്മാതക്കളിൽ ആ അമ്മയും മറ്റനേകം ദളിതരും അടിച്ചമർത്തമർത്തപ്പെട്ടവരുമായ അമ്മമാരുമുണ്ടെന്നും കുമാർ ഓർമ്മിപ്പിക്കുന്നുണ്ട്.

കുമാറുൾപ്പെടെയുള്ളവരെ കേസിൽ കുടുക്കുകയായിരുന്നെന്ന പ്രചരണങ്ങൾ സജീവമാകുന്നതിനിടെയാണ്, ദേശസ്‌നേഹമുയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്യുന്ന കുമാറിന്റെ അവസാന പ്രസംഗം പുറത്തുവന്നത്. ഇതുൾപ്പെടെ നിരവധി തെളിവുകളുമായാണ് ജെഎൻയു വിദ്യാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്.

വീഡിയോ കാണാം