കെപിസിസി അധ്യക്ഷൻ സുധാകരനെ തല്ലി കൊല്ലാൻ ഇവിടെയാളുണ്ട്: അനിൽ കുമാർ

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പ്രകോപന പരാമർശങ്ങളുമായി കെ പി അനിൽ കുമാർ. സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ടെന്ന് അനിൽ കുമാർ പറഞ്ഞു. കെപിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ പി അനിൽകുമാർ കഴിഞ്ഞ സെപ്റ്റംബറിലാണ് സിപിഎമ്മിൽ ചേർന്നത്. ബ്ലേഡ് – മണൽ മാഫിയകളുമായി മാത്രം കൂട്ടുകെട്ടുള്ളയാളാണ് സാധാകരൻ എന്ന് അനിൽ കുമാർ തുറന്നടിച്ചു.

ഇതിന് ശേഷം കെ സുധാകരനെതിരെ അഴിമതി ആരോപണവും വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നായിരുന്നു അനിൽ കുമാർ ആവശ്യപ്പെട്ടത്.

Loading...

അതേസമയം, ഇടുക്കി എൻജിനിയറിം​ഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന വിഷയത്തിലുള്ള സുധാകരന്റെ പ്രതികരണത്തിനെതിരെ വ്യാപക വിമർശനമാണ് സിപിഎം നേതാക്കൾ ഉയർത്തുന്നത്. മുഖ്യമന്ത്രിയടക്കം സുധാകരന്റെ പരാമർശത്തിനെതിരെ രം​ഗത്ത് വന്നു. കൊലപാതകത്തിന് പ്രോൽസാഹനം നൽകുന്ന രീതിയാണ് കോൺഗ്രസിന്റേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. മരണം ഇരന്ന് വാങ്ങിയവനെന്ന് പറയാൻ കോൺഗ്രസ് തയ്യാറാവുന്നു. ഇത്തരം കാര്യങ്ങളിൽ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? സമാധാന അന്തരീക്ഷം തകർക്കുന്നതിൽ കോൺഗ്രസും ഭാഗമായി എന്നതാണ് ധീരജിൻ്റെ മരണത്തിലൂടെ കാണേണ്ടത്. കുറ്റം ചെയ്തവരെ തള്ളിപ്പറയുന്ന സൂചന പോലും ഉണ്ടായില്ല. സംഘർഷത്തിലുടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതണ്ട. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നാട് അതിൻ്റെ കൂടെ നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കി എൻജിനിയറിം​ഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ധീരജിന്റെ മരണത്തിൽ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണ്. തിരുവാതിര കളിച്ച് അവർ ആഹ്ലാദിക്കുന്നു.